“മാധ്യമങ്ങളുടെ തോന്നല്‍ തന്റെ വായില്‍ തിരുകരുത്”; മലയാള മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

0
101

സിഎംആർഎൽ കൺസൾട്ടൻസി ആരോപണത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പറയാത്ത കാര്യമാണ് മാധ്യമങ്ങൾ വാർത്തയാക്കിയതെന്നും തന്റെ പരിധിയിൽ വരാത്ത വിഷയങ്ങളിൽ എങ്ങനെയാണ് പ്രതികരിക്കുകയെന്നും ഗവർണർ ചോദിച്ചു. സിഎംആർഎൽ കൺസൾട്ടൻസി വിവാദം അതീവ ഗൗരവതാരമെന്നോ ഗുരുതര ആരോപണമാണെന്നോ താൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ നൽകിയത് താൻ പറയാത്ത കാര്യമാണ്. വിഷയം തന്‍റെ പരിധിയിൽ വരുന്ന ഒന്നല്ല. ദയവായി താൻ പറയുന്ന കാര്യം മാത്രം കൊടുക്കുവെന്നും ഗവർണർ ആ‍വശ്യപ്പെട്ടു.

‘നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) തോന്നുന്ന കാര്യങ്ങൾ എന്‍റെ വായിൽ തിരുകിക്കയറ്റരുത്. മാധ്യമങ്ങളാണ് ഇതൊരു ഗുരുതര ആരോപണം എന്ന നിലയിൽ ചോദിച്ചത്. എന്നാൽ വാർത്ത നൽകിയപ്പോൾ ഗുരുതര ആരോപണമെന്ന് ഗവർണർ പറഞ്ഞു എന്ന നിലയിലാണ് വാർത്തകൾ കൊടുത്തത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’- ഗവർണർ വ്യക്തമാക്കി. സിഎംആർഎൽ വിഷയം തന്‍റെ പരിധിയിൽ വരുന്ന വിഷയമല്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകളോ രേഖകളോ താൻ കണ്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ദയമായി ഞാൻ പറയുന്ന കാര്യങ്ങൾ മാത്രമെ നിങ്ങൾ നൽകാവുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. സിഎംആർഎൽ വിഷയത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിഞ്ഞുള്ള പ്രതികരണം കൂടിയായിരുന്നു ഗവർണറുടെത്.

വിഷയത്തിൽ ഗവർണർ വിശദാംശങ്ങൾ തേടിയെന്നും മുഖ്യമന്ത്രിയോട് വിശദീകരണം തേടുമെന്നും വരെ ബിജെപി ചാനലായ ജനം ടി വി വെച്ച് കാച്ചുകയും ചെയ്തു. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെന്ന നിലയ്‌ക്ക് നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാകും വിവാദത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയെന്നും തട്ടിവിട്ടു.

 

ഗവർണറുടെ ഓഫീസ് ഇക്കാര്യങ്ങൾ പരിശോധിച്ചു വരുന്നതായാണ് വിവരം. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ അതുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകളും സിഎംആർഎൽ കമ്പനി അധികൃതരുടെ മൊഴികളും ഒക്കെ പരിശോധിച്ച ശേഷമാകും ഗവർണറുടെ നടപടി എന്നായി അടുത്ത വെടിപൊട്ടിക്കൽ. ആദായ നികുതി ഇന്ററിങ് സെറ്റിൽമെൻറ് ബോർഡിന്റെ കണ്ടെത്തൽ ആയതിനാൽ നിയമവശവും ഗവർണർ പരിശോധിക്കുന്നുവെന്നും ജനം ടി വി കാച്ചിവിട്ടു. എന്നാൽ, ഇതൊക്കെ ലേഖകന്മാർ സ്വന്തം ഭാവനക്കനുസരിച്ച് ഉൽപ്പാദിപ്പിക്കുകയായിരുന്നുവെന്ന് ഗവർണറുടെ പ്രതികരണം തെളിയിക്കുന്നു. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള മാധ്യമങ്ങളും ഗവർണറുടെ പ്രതികരണം എന്ന മട്ടിൽ “ഗുരുതര പരാമർശത്തെ” ഏറ്റെടുത്ത് ആഘോഷിക്കുകയും ചെയ്തു. അതിനൊക്കെയാണ് ഇപ്പോൾ മുഖത്തടിയേറ്റിട്ടുള്ളത്.

ക‍ഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോ‍ഴായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിഎംആർഎൽ കൺസൾട്ടൻസി ആരോപണത്തിൽ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. ഇതിന്‍റെ വസ്തുത തനിക്ക് അറിയില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതൊരു ഗുരുതര ആരോപണമെന്ന് ഗവർണർ പറഞ്ഞു എന്ന തരത്തിലായിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.