ബോക്സിങ് പരിശീലകന്റെ മൃതദേഹം ഓവുചാലിൽ; വാഹനാപകടമെന്ന് പ്രാഥമിക നിഗമനം

0
189

കോഴിക്കോട് തടമ്പാട്ട് താഴം കണ്ണാടിക്കൽ പൊളിച്ച പീടികയിൽ റോഡിന് സമീപം ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. . കുരുവട്ടൂര്‍ അണിയം വീട്ടില്‍ ശശിയുടെ മകന്‍ വിഷ്ണുവാണ് മരിച്ചത്. ബോക്സിങ് ട്രെയിനർ ആണ് വിഷ്ണു. ഇയാളുടെ ബൈക്കും ഹെല്‍മെറ്റും മൊബൈല്‍ ഫോണും സമീപത്ത് നിന്ന് കണ്ടെത്തി. വാഹനാപകടമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അപകടം സംഭവിച്ചുവെന്നാണ് സൂചന. രാത്രി സഞ്ചരിക്കുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞതാവാനാണ് സാധ്യത.

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മൃതദേഹം ഓടയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. സമീപത്ത് ബൈക്ക് മറഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. സ്‌കൂളില്‍ കുട്ടികളെയും കൊണ്ടുപോകുകയായിരുന്ന ആളുകളാണ് മൃതദേഹം ആദ്യമായി കണ്ടതെന്നാണ് വിവരം. നല്ല ആഴമുള്ള ഓവുചാല്‍ ആയതുകൊണ്ട് തന്നെ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടാനുള്ള സാധ്യത കുറവാണ്. ആദ്യം ബൈക്ക് കണ്ടതിന് ശേഷമാണ് മൃതദേഹം ശ്രദ്ധയില്‍ പെടുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.