രണ്ടുദിവസം നീണ്ട ചർച്ച; പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാകാതെ ബിജെപി, കേന്ദ്രനേതൃത്വം പറയുമെന്ന് കെ സുരേന്ദ്രൻ

0
316

രണ്ടുദിവസം നീണ്ട മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാകാതെ ബിജെപി. ആരാകണം സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ നേതാക്കൾ ചേരി തിരിഞ്ഞതോടെയാണ് തീരുമാനമെടുക്കാതെ തൃശൂരിൽ ചേർന്ന കോർകമ്മിറ്റിയും സംസ്ഥാന നേതൃയോഗവും പിരിഞ്ഞത്. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരി, വനിതാ നേതാവ് മഞ്ജു പ്രദീപ്, മണ്ഡലം സെക്രട്ടറി സോബിൻലാൽ എന്നിവരുടെ പേരുകളാണ് യോഗത്തിൽ ഉയർന്നുവന്നത്.

അനിൽ ആന്റണിയെയോ ടി പി സിന്ധുമോളെയോ മാത്രം പരിഗണിച്ചാൽ മതിയെന്ന് കോർകമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തു. എന്നാൽ, സുരേന്ദ്രനെ എതിർക്കുന്നവർ ഇതിനോട് യോജിച്ചില്ല. പകരം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സ്ഥാനാർത്ഥിയാകട്ടെ എന്ന നിലപാടിൽ മറുവിഭാഗം ഉറച്ചുനിന്നതോടെയാണ് മഞ്ജു പ്രദീപിന്റെ പേരും കൂടി ഉയർന്നുവന്നത്. തുടർന്ന് ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി.

വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിയുകയില്ലെന്നും അതുകൊണ്ടുതന്നെ ജില്ലയിൽ നിന്നുള്ളവർ മത്സരിക്കട്ടെയെന്ന് ചില നേതാക്കൾ പറഞ്ഞു. ഇതിനിടെ ലിജിൻ ലാലിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നിട്ടും തീരുമാനമെടുക്കാൻ ബിജെപി സാംസ്ഥാന നേതൃത്വത്തിനായില്ല. തുടർന്നാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു. കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തതിനാലാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയാത്തതെന്നും അതുകൊണ്ടാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടതെന്നും ഒരു വിഭാഗം നേതാക്കളും പറയുന്നു. സുരേന്ദ്രന്റെ പ്രതികരണവും പരോക്ഷമായി ഇത് ശരിവെക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ പ്രഖ്യാപനം കേന്ദ്ര നേതൃത്വമാണ്‌ നടത്തുക എന്ന വാദമാണ് സുരേന്ദ്രൻ മുന്നോട്ടുവെക്കുന്നത്. സ്ഥാനാർഥി പട്ടിക തയ്യാറാക്കി ഡൽഹിയിലേക്ക്‌ അയച്ചതായും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പോലുമാകതെ നേതാക്കൾ ചേരി തിരിഞ്ഞ് അടി കൂടുന്നത് ബിജെപി അണികളെയും നിരാശരാക്കിയിട്ടുണ്ട്. എന്തായാലും ചൊവ്വാഴ്ചക്കകം തെറിച്ചുമാനമെടുത്താൽ മതിയെന്നാണ് പ്രവർത്തകരുടെ ആത്മഗതം.