തല്ലുമാല -2 ലോഡിംഗ്; വമ്പൻ ഹിറ്റായ തല്ലുമാലയ്ക്ക് രണ്ടാം ഭാ​ഗമെത്തുന്നു

0
255

ടൊവിനോ തോമസിന്റെ വമ്പൻ ഹിറ്റുകളിലൊന്നായ തല്ലുമാലയ്ക്ക് രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി നിർമ്മാതാവ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തില്‍ 72 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. മണവാളന്‍ വസീമായി ടൊവിനോ തോമസും ബ്ലോ​ഗർ ബീപാത്തുവായി കല്യാണി പ്രിയദര്‍ശനും ചിത്രത്തിൽ കൈയ്യടി നേടി. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു തല്ലുമാല. ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍. തല്ലുമാല സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ നിർമ്മാതാവ് പുറത്തു വിട്ടിരിക്കുന്നത്. കൂടാതെ തല്ലുമാലയിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് നിർവഹിച്ചത്.

തല്ലുമാല 2 ലോഡിംഗ് എന്ന ഹാഷ്ടാഗ് ആഷിഖ് പങ്കുവെച്ചതോടെ സംഭവം വൈറലായി കഴിഞ്ഞു. ഇതോടെ ആരാധകരും ആവേശത്തിലാണ്. 2022ലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതിലുള്ള ആകാംക്ഷയിലാണ് എല്ലാവരും. ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ആദി ജോയ്,ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളായി എത്തിയത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.