യാത്രക്കാരിയെ അർധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

0
237

റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറിലെത്തി പണം നല്‍കി എടുത്ത റിസര്‍വേഷന്‍ ടിക്കറ്റ് ഓണ്‍ലൈനായി യാത്രക്കാരി അറിയാതെ റദ്ദാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി കെ ജയസ്മിതയുടെ പരാതിയിലാണ് നടപടി. ഡിവിഷണല്‍ റെയില്‍വേ മാനേജരും (ഡിആര്‍എം) ആര്‍പിഎഫ് സീനിയര്‍ കമാന്‍ഡന്റും പരാതിയെകുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

വടക്കാഞ്ചേരിയില്‍നിന്ന് ജൂലൈ 30ന് മംഗളൂരു– തിരുവനന്തപുരം എക്‌സ്പ്രസില്‍ (16348) റിസര്‍വേഷന്‍ ടിക്കറ്റുമായി കയറിയപ്പോള്‍ ടിക്കറ്റ് റദ്ദായതാണെന്ന് ടിടിഇ അറിയിച്ചു. യാത്ര തുടരണമെങ്കില്‍ പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിന് ആര്‍പിഎഫും ടിടിഇയും ചേര്‍ന്ന് രാത്രി 12ന് ജയസ്മിതയെ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു. ആലുവ സ്‌റ്റേഷനിലാണ് നിര്‍ബന്ധിച്ച് ഇറക്കിവിട്ടത്. അനധികൃത യാത്രക്കാരിയാണെന്ന് ആരോപിച്ച് റെയില്‍വേ കേസും എടുത്തിരുന്നു. മറ്റൊരു ട്രെയിനില്‍ കയറിയാണ് ജയസ്മിത ജോലിസ്ഥലമായ തിരുവനന്തപുരത്ത് എത്തിയത്.

സംഭവത്തില്‍ റെയില്‍വേ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. റിസര്‍വേഷന്‍ ഫോമില്‍ ജയസ്മിത നല്‍കിയ ഫോമിലെ ഫോണ്‍ നമ്പരില്‍ ഒരക്കം മാറിപ്പോയതാണെന്നും പിഎന്‍ആര്‍ നമ്പര്‍ അടക്കം ഈ തെറ്റായ നമ്പരിലേക്കാണ് പോയതെന്നും ആ നമ്പരിന്റെ ഉടമ താനെടുക്കാത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയായിരുന്നുവെന്നുമാണ് റെയില്‍വേയുടെ വാദം