കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വൈപ്പിൻ സ്വദേശി രാജീവൻ

0
193

കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്ത് താമസിക്കുന്ന രാജീവിന്റെ മൃതദേഹമാണ് ഇതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം രാജീവന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു.

മരിച്ചത് വൈപ്പിന്‍ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 30 വർഷത്തോളമായി അരിക്കുളത്താണ് താമസം. എന്നാൽ ഇത് കൊലപാതകമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു. ഏങ്കിലും മൃതദേഹം രണ്ട് ഭാഗങ്ങളായി കാണപ്പെട്ടത് ദുരൂഹത വർധിപ്പിക്കുകയാണ്.

പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി കൊയിലാണ്ടിയിലാണ് താമസിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭാര്യ പിന്നീട് മരിച്ചു. രണ്ട് മക്കളും വിവാഹം കഴിഞ്ഞവരാണ്. അടുത്തിടെ രാജീവന്റെ രണ്ടാം വിവാഹം കഴിഞ്ഞിരുന്നെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി ഊരള്ളൂരിൽ രാവിലെ ഏഴ് മണിയോടെയാണ് കത്തിക്കരിഞ്ഞനിലയിൽ കാലുകൾ കണ്ടെത്തിയത്. പിന്നാലെ പരിസരത്ത് നടത്തിയ തിരച്ചിലിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളാണ് കാലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് മീറ്ററുകൾക്ക് അപ്പുറം വയലിൽ കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കാലുകൾ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് സംഘം ശരീര ഭാഗങ്ങൾക്കായി പരിശോധന നടത്തിയത്.

തുടർന്നാണ് കാലുകൾ കണ്ടെത്തിയതിന് മീറ്ററുകൾക്ക് അകലെ വയലിൽനിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.