തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ പിടിയിൽ; നാളെ കോടതിയിൽ ഹാജരാക്കും

0
156

അഴിമതി കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ പിടിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്. വൈകിട്ടോടെ ചെന്നൈയിൽ എത്തിക്കുന്ന അശോകനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അതേസമയം, വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി അശോക് കുമാറിനെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ട്.

സെന്തിൽ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാർ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഏതാനും ദിവസം മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരവിപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ് സെന്തിൽ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ.

കള്ളപ്പണക്കേസ്‌ ആരോപണത്തിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെയാണ് സഹോദരനെ കൊച്ചിയിൽനിന്നും പിടികൂടുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഇ ഡി ഉദ്യോഗസ്ഥർ അശോക് കുമാറിനാണ് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ, അശോക് കുമാർ കൊച്ചിയിൽ ഉള്ളതായി രഹസ്യവിവരം ലഭിച്ചു. അതിനു തൊട്ടുപിന്നാലെയാണ് അന്വേഷണസംഘം കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയത്. രണ്ടു ദിവസം മുമ്പേ ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.