ഡോക്ടറുടെ നേതൃത്വത്തിൽ നേഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ മോത്തിഹാരിയിലെ ജാങ്കി സേവാ സദൻ നേഴ്സിങ് ഹോമിൽ വെള്ളിയാഴ്ചയാണ് സംഭവം. വിധവയായ 30 കാരിയായ നേഴ്സാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരയ്‌ക്ക് നാല് വയസുള്ള മകനുമുണ്ട്. സംഭവസ്ഥലത്ത് നിന്നും 80 കിലോമീറ്റർ അകലെ ആംബുലൻസിലായിരുന്നു മൃതദേഹം. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.
പ്രതിയായ ഡോക്ടറും മറ്റ് ജീവനക്കാരും ഒളിവിലാണ്. ഒരു കമ്പൗണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കി. നേഴ്സിങ് ഹോമിലെ ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് അഞ്ചുപേർക്കെതിരെയുമാണ് എഫ്ഐആർ. നേഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി. ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ശല്യം കാരണം നേഴ്‌സ് കുറച്ചുകാലം ജോലിക്ക് പോയിരുന്നില്ല. മകളെ കാണാതിരുന്നതോടെ ഡോ. ജയ്പ്രകാശും ജീവനക്കാരനായ മന്തോഷ് കുമാറും യുവതിയുടെ വീട്ടിൽ വന്നു മാപ്പ് പറഞ്ഞിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റമറ്റ തൊഴിൽ സാഹചര്യവും മികച്ച വരുമാനവും വാഗ്ദാനം ചെയ്തു. തുടന്നാണ് നേഴ്‌സ് വീണ്ടും ജോലിക്ക് പോയത്.
ആഗസ്ത് എട്ടിന് ജോലിക്ക് പോയ മകൾ തിരിച്ചുവരാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ക്രൂമായ കൊലപാതകം പുറംലോകം അറിഞ്ഞത്. നേഴ്സിന്റെ അമ്മയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്ന് മോത്തിഹാരി പൊലീസ് അറിയിച്ചു.