ഹവായ് കാട്ടുതീ: മരണസംഖ്യ 80 കടന്നു; കത്തിയെരിഞ്ഞ് ലഹൈന

0
263

അമേരിക്കയിലെ ഹവായ് ദ്വീപിൽ തുടരുന്ന കാട്ടുതീയിൽ മരണം 80 കടന്നു. ഏറ്റവുമൊടുവിലെ റിപ്പോർട്ടനുസരിച്ച് 89 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതരെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മൌവിയിലെ ചരിത്രപ്രസിദ്ധമായ ലഹൈന നഗരം പൂർണമായും അഗ്നിക്കിരയായി. 15000 ഓളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. നിരവധി പേരെ കാണാതായി. കാണാതായവരുടെ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. വീടുകളും വാഹനങ്ങളുമെല്ലാം കത്തിനശിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടുതീ പടർന്നത്. മേഖലയിലെ ഡോറ കൊടുങ്കാറ്റ് അപകടത്തിന്റെ തീവ്രത കൂട്ടി. കൊടുങ്കാറ്റിൽ കാട്ടുതീ തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ലഹൈനയിൽ തീ പടർന്നിട്ടും അപായ സൈറൺ മുഴക്കാതിരുന്നത് വിവാദമായി. സൈറൺ മുഴക്കുന്നതിന് പകരം അധികൃതർ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. അപായ മുന്നറിയിപ്പ് ഭൂരിഭാഗം ആളുകളും അറിഞ്ഞില്ലെന്നാണ് ആക്ഷേപം. ബുധനാഴ്ച രാത്രി വരെ തീ നിയന്ത്രണവിധേയമായിരുന്നു.

ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്ന ലഹൈന കാട്ടുതീയിൽ കത്തിയമർന്നു. ഭയന്ന ആളുകളിൽ പലരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി. പിന്നീട്, യുഎസ് കോസ്റ്റു​ഗാർഡുകളാണ് പലരേയും രക്ഷിച്ചത്. പ്രദേശവാസികളും വിനോദസഞ്ചാരികളും കാറിലും ബോട്ടിലുമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. പൊള്ളലേറ്റ പലരേയും വിമാനത്തിൽ ഒവാഹു ദ്വീപിലേക്ക് മാറ്റി.

കാട്ടുതീയിൽ തകർന്ന വീടുകളിൽ പരിശോധന നടത്താൻ കൂടുതൽ ഫെഡറൽ എമർജൻസി ജീവനക്കാരെ നിയോഗിച്ചു. പ്രദേശത്തെ ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ താറുമാറായി. പലയിടത്തും വൈദ്യുതിയും ഇല്ല. പ്രസിഡന്റ് ജോ ബൈഡൻ ഹവായ് കാട്ടുതീ വൻ ദുരന്തമായി പ്രഖ്യാപിച്ചു.