പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാട്; കെ സുധാകരന് ഇ ഡി നോട്ടീസ്, അടുത്തയാഴ്ച ചോദ്യം ചെയ്യും

0
146

പുരാവസ്തു തട്ടിപ്പുവീരൻ മോൺസൺ മാവുങ്കാൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ മുൻ ഡി ഐ ജി എസ് സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ തിങ്കളാഴ്ചയും സുരേന്ദ്രൻ 16 നും ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് നിർദ്ദേശം. എന്നാൽ, ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം.

ഈ മാസം 18ന് കൊച്ചിയിലെ ഓഫിസിൽ നിർബന്ധമായും എത്തണമെന്നാണ് സുധാകരാനുള്ള നിർദ്ദേശം. മോൺസൺ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൺസൺ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

പണം കൈമാറുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. സുധാകരന്‍ മോൺസന്റെ കൈയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം ടി ഷമീര്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനും കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം. കേസില്‍ പ്രതിസ്ഥാനത്തുള്ള ഐ ജി ലക്ഷ്മണയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് മൂന്നുതവണ നോട്ടീസ് അയച്ചുവെങ്കിലും ഐ ജി മുങ്ങി. ചോദ്യം ചെയ്യലിന് ലക്ഷ്മണ ഹാജരാകാത്ത സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.