കള്ളപ്പണക്കേസ് ആരോപണത്തിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രം ചെന്നൈ കോടതിയിൽ ആണ് സമർപ്പിച്ചത്. ജയലളിത മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്ന സമയത്തെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിക്കെതിരെ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2018 ഡിസംബറിൽ ആയിരുന്നു ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെ യിലെത്തിയത്. 2021ൽ നിയമസഭയിലേക്ക് മത്സരിച്ച് എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. തൊട്ടു പിന്നാലെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ ഡി സെന്തിൽ ബാലാജിക്ക് എതിരെ കേസെടുത്തത്.
ഈ കേസിൽ റിമാൻഡിൽ കഴിയുകയാണ് മന്ത്രി. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറിയിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് ബാലാജിയെ മാറ്റാൻ സ്റ്റാലിൻ സർക്കാർ തയ്യാറായില്ല. ഇഡിക്ക് ഇദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഇ ഡിയുടെ അപേക്ഷ പ്രകാരം , ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 12 വരെ ബാലാജിയെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരുന്നു. ചെന്നൈ ശാസ്ത്രി ഭവനിലെ ഇ ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്.