തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു; ആക്രമണ കാരണം കുടുംബതർക്കം

0
147

തിരുവനന്തപുരം നെല്ലിമൂട്ടിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. തൂങ്ങാംപാറ മാവുവിള സീയോൺ മന്ദിരത്തിൽ സാം ജെ വൽസലമാണ് മരിച്ചത്. കുടുംബതർക്കത്തെ തുടർന്ന് ശനിയാഴ്ചയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുരുതരനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാം ഞായറാഴ്ചയാണ് മരിച്ചത്‌.

ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തർക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. ബന്ധു വീട്ടിലേക്ക് പോയ സാമിനെ ബന്ധുക്കൾ കമ്പിപ്പാരകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അഞ്ച് പേർ ചേർന്നാണ് അക്രമിച്ചതെന്ന് സാമിനൊപ്പം ഉണ്ടായിരുന്ന ശ്രീജിത്ത് പറഞ്ഞിരുന്നു. നേരത്തെയും കുടുംബങ്ങളുമായി സംഘർഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മരിച്ച സാമിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. 2016 ൽ തിരുവനന്തപുരത്ത്‌ രാത്രി ട്രെയിൻ ഇറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ സാം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.