ആശുപത്രിയിൽ കൂട്ടമരണം; 17 രോഗികൾ മരിച്ചു, അന്വേഷിക്കാൻ സംസ്ഥാനതല കമ്മിറ്റി

0
145

മഹാരാഷ്ട്ര താനെയിലെ താനെ ജില്ലയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ 17 രോഗികൾ മരിച്ചത്. പത്ത് സ്ത്രീകളും എട്ടു പുരുഷന്മാരുമാണ് മരിച്ചത്. ഇതിൽ ആറുപേർ താനെ നഗരത്തിൽ നിന്നുള്ളവരും മൂന്നുപേർ കല്യാണിൽ നിന്നുള്ളവരുമാണ്. മൂന്നുപേർ സഹപുർ നിവാസികളാണ്. ഭീവണ്ടി, ഉല്ലാസ്‌നഗർ, ഗോവണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗികളും മരിച്ചവരിൽപ്പെടുന്നു.

ന്യുമോണിയ, മൂത്രാശയരോഗം ബാധിച്ച് ചികിത്സക്കെത്തിയവരാണ് മരിച്ചവരിൽ ഏറെയും. മരിച്ചവരിൽ 12 പേർ അമ്പത് വയസിന് മുകളിലുള്ളവരാണെന്നും ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും താനെ കമ്മീഷണർ അഭിജിത്ത് ബംഗാർ പറഞ്ഞു. തീവ്ര പരിചര വിഭാഗത്തിൽ കഴിയുകയായിരുന്ന രോഗികളാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ റിപ്പോർട്ട് തേടി.

അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രി അധികൃതര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

താനെ മുനസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രിയാണ് ഛത്രപതി ശിവജി മഹാരാജ് ഹോസ്പിറ്റല്‍. ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.