ഉമ്മൻ ചാണ്ടിക്കെതിരെ ഏറ്റവും കൂടുതൽ മൂന്നാംകിട ആരോപണം ഉന്നയിച്ചതും കടന്നാക്രമിച്ചതും കോൺഗ്രസ് പാർട്ടിയിലുള്ളവർ തന്നെയാണ്. കെ മുരളീധരനും വി ഡി സതീശനുമൊന്നും ഉമ്മൻ ചാണ്ടിയെ ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്തതുപോലെ, എന്തിനേറെ ഒപ്പം നിന്നിട്ട് കാലു വാരിയ തിരുവഞ്ചൂരിനെപ്പോലെയോ ഒരാളും ഉമ്മൻ ചാണ്ടിയെ ഇകഴ്ത്തിക്കാട്ടിയിട്ടില്ല. രാഷ്ട്രീയമായ ഏറ്റുമുട്ടലുകൾക്കപ്പുറം ഒരിക്കലും സിപിഐ എമ്മോ ഇടതുമുന്നണിയോ ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തുവന്നിട്ടുമില്ല. തങ്ങളുടെ പഴയകാല ചെയ്തികൾ തിരിച്ചടിയാകുമെന്ന ഘട്ടത്തിൽ ഇതെല്ലം മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ വായ്ത്താരിയുമായി രംഗത്തുവന്നിരിക്കുന്നത്.
കരുണാകരനെ പിന്നിൽ നിന്നും കുത്തിയ ആൾ എന്ന് പറഞ്ഞതും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ അവഹേളിച്ചതും വി ഡി സതീശനാണ്. കരുണാകരനെയും ആന്റണിയുടെയും സർക്കാരുകളുടെ സർക്കാരുകളെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരാണെന്ന് ആരെപ്പറ്റിയാണ് ആരെപ്പറ്റിയാണ് സതീശൻ അന്ന് പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാർ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന സർക്കാരാണെന്നും ഉമ്മൻ ചാണ്ടി തീവെട്ടിക്കൊള്ളക്കാരൻ ആണെന്നും പരസ്യമായി പറഞ്ഞതും സതീശനാണ്. ധനമന്ത്രിയാകുമെന്ന പ്രതീക്ഷ പൊളിഞ്ഞതും പിന്നീട് സ്പീക്കർ ആക്കുന്നതിനെ തടഞ്ഞതുമെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള സതീശന്റെ പ്രതികാരബുദ്ധി കൂട്ടുകയായിരുന്നു. തരം കിട്ടുമ്പോഴെല്ലാം ഉമ്മൻ ചാണ്ടിയെ അക്രമിക്കാനാണ് സതീശൻ ശ്രമിച്ചത്. ഇത്തവണ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള നേതൃയോഗത്തിൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാവ് തന്റെ രാഷ്ട്രീയവളർച്ചക്ക് തടയിടുന്നുവെന്നു പറഞ്ഞതും സതീശനാണ്. ഏറ്റവുമൊടുവിൽ കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലും ഉമ്മൻ ചാണ്ടിയെ മൂലക്കിരുത്തിയതും ഇതേ വി ഡി സതീശൻ തന്നെ. ഈ വസ്തുതകൾ രാഷ്ട്രീയ കേരളത്തിനുമുന്നിൽ നിലനിൽക്കുമ്പോഴാണ് സിപിഐ എമ്മിനെതിരെ സതീശൻ ഇപ്പോൾ മൂന്നാംകിട ആരോപണം ഉന്നയിക്കുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നെയാണ് സതീശൻ ഉമ്മൻ ചാണ്ടിയെ തീവെട്ടിക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ചത്. അതിനും ഏതാനും മാസങ്ങൾ മുമ്പ് ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ സതീശൻ പരിഹസിച്ചിരുന്നു. 15 മിനിറ്റ് ദൈർഘ്യമുള്ള ആ പ്രതികരണം കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളുടെയും ലൈബ്രറിയിൽ ഇന്നും ഉണ്ടാകും. അന്നത്തെ ആ അധിക്ഷേപങ്ങളും മറച്ചുവെക്കാൻ ഇന്നിപ്പോൾ ഗീർവാണങ്ങൾ വിട്ടതുകൊണ്ട് കാര്യമില്ല.
2016 ൽ ഉമ്മൻ ചാണ്ടിയെപ്പറ്റി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പൂർണ രൂപം ഇങ്ങനെ.
“എ കെ ആന്റണിയുടെ പ്രസ്താവനയാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. എ കെ ആന്റണിയോട് നേരിട്ട് പറയാൻ കഴിയാത്തതുകൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നത്. ഞാൻ ഈ സർക്കാർ അഴിമതിയുടെ നിഴലിലാണ് നിൽക്കുന്നത്, ഇതിൽ നിന്ന് പുറത്തുവരണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. കെ സി ജോസഫ് പറഞ്ഞു യുഡിഎഫിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ്, ഇതുപോലെ അനുകൂലമായ അന്തരീക്ഷം
ഇണ്ടായിട്ടില്ലായെന്ന് പറഞ്ഞു. അദ്ദേഹം ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നത് എന്നാണ് എന്റെ ചോദ്യം. ഭൂമിയിലല്ല എന്ന് എനിക്ക് ഒറപ്പായിട്ട് മനസിലായി. കാരണം ഭൂമിയിലാണെങ്കിൽ യുഡിഎഫിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണെന്ന് പറയില്ല. യാഥാർഥ്യങ്ങളെ മനസിലാക്കി വിലയിരുത്തിയിട്ടുവേണം മുന്നോട്ട് പോകാൻ.
നമ്മുടെ തെറ്റുകളെന്താണെന്ന് നമുക്ക് മനസിലാകണം. ഏറ്റവും യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വൾണറബിൾ ആയിട്ടുള്ള, ഏറ്റവും പരിതാപകരമായിട്ടുള്ള ഒരു പൊസിഷനിലാണ് യുഡിഎഫ് നിൽക്കുന്നത്. അതിൽ നിന്നും മാറ്റം വേണം. അപ്പം രണ്ടു മൂന്ന് കാര്യങ്ങളേ ഞാൻ പറഞ്ഞുള്ളു. ഈ അഴിമതിയുടെ നിഴലിൽ നിന്നും പുറത്തുവരണം. കുറച്ച് മുൻഗണനകൾ ഒന്ന് മാറ്റി നിശ്ചയിക്കണം. സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നിരിക്കുന്നതുകൊണ്ട് മെഗാ പ്രെജ…, മെഗാ പ്രോജക്ടുകളുടെയൊന്നും പിറകെ പോകാതെ അത്യാവശ്യമായി ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്ന് റീ ഡിഫൈൻ ചെയ്യണം.
അത്രയൊക്കെ പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ. എന്റെ പാരമ്പര്യത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാൻ സ്വാതന്ത്ര്യ സമരത്തിലൊന്നും പങ്കെടുത്തിട്ടില്ല. അത്ര ദീർഘകാലത്തെ പാരമ്പര്യമില്ല. സോ ഇവരെ പോലെ സ്വാതന്ത്ര്യ സമരസേനാനിയും ഒന്നുമല്ല. പക്ഷെ ഞാനും ഉണ്ടായിരുന്നു, എല്ലാരും കണ്ടുകൊണ്ടിരിക്കുകയല്ലേ, നമ്മൊളൊക്കെ എന്താണ് ചെയ്യുന്നത്, എന്താണെന്ന്. ദീർഘകാലത്തെ പാരമ്പര്യം ഒന്നും അവകാശപ്പെടാറില്ല. പക്ഷെ ഞാൻ ചോദിക്കട്ടെ, ഇവരെല്ലാം ഏത് പ്രായത്തിലാണ് ഇവരെയൊക്കെ വിമർശിച്ചിട്ടുള്ളത് ? ഈ വിമർശിക്കാൻ ഒരു പ്രായം വേണോ ?, എ കെ ആന്റണിയുടെ പ്രായം ആയാൽ മാത്രമേ ഒരു വിമർശനപൂർവം സംസാരിക്കാൻ, ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ പാടൊള്ളോ ? അപ്പോ ഇവരൊക്കെ ഏത് പ്രായത്തിലാണ് സംസാരിച്ചിരിക്കുന്നത്. ശ്രീ കരുണാകരനെയും ശ്രീ എ കെ ആന്റണിയുടെയും സർക്കാരുകളെ അട്ടിമറിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയ ആളുകളല്ലേ ?, അതിനു മുഖ്യ കാർമികത്വം വഹിച്ച ആളുകളല്ലേ ? അവർക്ക് പറയാൻ, അവർക്ക്, അവർക്ക് വേറെ ആരും ഒന്നും സംസാരിക്കരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യമെന്താ ?
കേരളം മുഴുവൻ പൊതുസമ്മേളനങ്ങൾ നടത്തി ആ പൊതുസമ്മേളനങ്ങളിൽ പരസ്യമായി കേരള ഭരണത്തിനെതിരായി ആഞ്ഞടിച്ച് കരുണാകരനെ താഴെയിറക്കണം, അത് പരസ്യമായും എ കെ ആന്റണിയെ താഴെയിറക്കാൻ രഹസ്യമായും കാർമികത്വം വഹിച്ച ആളുകളല്ലേ ? അവർക്കിപ്പോ ഏതെങ്കിലുമൊരു ശബ്ദം, ഒരു ഒച്ചയനക്കം കേക്കുമ്പോ അയ്യോ ഞങ്ങളെ മാറ്റാൻ വേണ്ടി വരുവാണ്, ഞങ്ങളെ മാറ്റാൻ വേണ്ടി വരുവാണ് എന്ന പേടിയാണ്. അത് പണ്ട് ചെയ്തതിന്റെ കുറ്റബോധം കൊണ്ട് തോന്നുന്നതാണ്. ഞാൻ പറഞ്ഞിട്ടില്ല, ഞാൻ ശ്രീ ഉമ്മൻ ചാണ്ടി മാറണം എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഈ ഗവണ്മെന്റ് ഞാൻ എന്നോട് ചോദിച്ച ചോദ്യത്തിൽ മന്ത്രിസഭാ പുനസംഘടന വേണമെന്ന് ചോദിച്ച ചോദ്യത്തിൽ ഞാൻ പറഞ്ഞത് മന്ത്രിസഭാ പുനസംഘടനയുടെ ആവശ്യമില്ല, ഈ ടീം തന്നെ ഭരിച്ചിട്ടാണ് കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 12 സീറ്റ് കിട്ടിയത് എന്ന് പറഞ്ഞ ആളാണ് ഞാൻ.
അപ്പോ ഇത് വേറെ ഏതോ ഉദ്ദേശത്തിലാണ് പറഞ്ഞത്, ഏത് എന്നോടല്ല എന്നെനിക്ക് മനസിലായി. കാരണം ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ മീതെ കെട്ടിവെച്ചിട്ട് യാതൊരു കാര്യവുമില്ല. ഞാൻ പറഞ്ഞിട്ടില്ല. പറഞ്ഞത് എ കെ ആന്റണിയോടാണ്. എന്നെ കൂടി പറഞ്ഞെ, എ കെ ആന്റണിയോട് നേരിട്ട് പറയാനോ അദ്ദേഹത്തിനെതിരെ പറയാൻ ധൈര്യമില്ലാത്തതുകൊണ്ടാണ്. എന്തുകൊണ്ടാണ് ശ്രീ എ കെ ആന്റണിയെപ്പോലുള്ള ഒരു മുതിർന്ന നേതാവ്, അഴിമതിരഹിതനായ ഒരു നേതാവ്, ഇന്ത്യയിലെ കോൺഗ്രസിലെ അഭിമാനമായി ഉയർത്തിക്കാട്ടാൻ കഴിയാവുന്ന ഒരു നേതാവ് കേരളത്തിൽ വന്ന് കേരളം മുഴുവൻ അഴിമതി നിറഞ്ഞിരിക്കുകയാണ് എന്ന് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യം വിലയിരുത്തണം. അദ്ദേഹത്തെക്കൊണ്ട് പോലും അത് പറയിപ്പിക്കാൻ, ഞാൻ പറയാൻ കാര്യമുണ്ട്. ഞാൻ കോൺഗ്രസിലെ അടുത്ത തലമുറയിൽപ്പെട്ട പ്രധാനപ്പെട്ട ആളുകളിൽ ഒരാളാണ്. അടുത്ത, ഇപ്പഴത്തെയല്ല, അടുത്ത തലമുറയിൽ. ചെറുപ്പക്കാരായ ആളുകളുടെ ഇടയിലാണ്. ഇവരെല്ലാവരും കൂടി ഇത് തൊലച്ചിട്ട് പോയാലേ ഈ പാർട്ടി ഉണ്ടാകില്ല.
അതുകൊണ്ട് ഒരു പൊതു വികാരമായി, കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമായി ഈ ഏറ്റവും മൈൽഡ് ആയിട്ടുള്ള ഭാഷയിൽ, ഏറ്റവും ആത്മാർത്ഥതയോടു കൂടി, ഒരു ദുരുദ്ദേശവും ഇല്ലാതെ, സദുദ്ദേശത്തോടു കൂടി, നന്നായി പോവാൻ വേണ്ടീട്ട് പറഞ്ഞ ഒരു വാക്കാണ്. അതിനെ വളച്ചൊടിച്ച്, അതിനെ അധികാരമാറ്റം, നേതൃമാറ്റം, ഇവർക്ക് എവിടുന്ന് കിട്ടിയിത്. ആര് പറഞ്ഞു. ഒന്നുകൂടി വീട്ടിപ്പോയി അവരോട് രണ്ടുപേരോടും ആ ഇന്റർവ്യൂ ഒന്ന് കാണണം, ഒന്ന് കൂടി കാണണം. കണ്ടിട്ട് പറയണം.
ഇന്നലെ ഒരാള് ഇതുപോലെ ഈ ചാനലുകളിലെ അടിക്കുറിപ്പ് കാണിച്ച് എന്നെ വിളിച്ച് ഒരു പ്രധാനപ്പെട്ട, കെപിസിസിയിലെ എന്റെയൊരു സഹപ്രവർത്തകൻ. ഇന്ന് രാവിലെ അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാൻ മാപ്പു ചോദിക്കുന്നു, കാരണം ഇന്നലെ രാവിലെ, രാത്രി ആ ഞാൻ ഫുൾ ആയിട്ടുള്ള ഇന്റർവ്യൂ കണ്ടു. ഒരക്ഷരം കൂടുതലും പറഞ്ഞിട്ടില്ല, കുറവും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങളെല്ലാം പറയേണ്ടതായിരുന്നു, കൂടുതലായൊന്നും പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ഇതാണ് പാർട്ടി പ്രവർത്തകർ, അതിന്റെയും ഇതിന്റെയും റിയാക്ഷൻ ഇതാണ്. അപ്പോ അതുകൊണ്ട് വായടപ്പിച്ചു കളയാം എന്ന് വിചാരിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ ചെയ്യണ്ട. അഴിമതിയുടെ നിഴലിലാണ് ഈ സർക്കാർ നിക്കുന്നതെന്നാണ് ഞാൻ പറഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നീക്കുകയാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെയൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.
അല്ല, അത് അവർക്ക് ഇഷ്ടപ്പെടില്ല കാരണം, ഇത് ഞാൻ പറഞ്ഞല്ലോ ഈ പല ഗവണ്മെന്റുകളെയും അട്ടിമറിക്കാൻ, പ്ലേ കോൺഗ്രസ് മുഖ്യമന്ത്രിമാരെയും അട്ടിമറിക്കാൻ ആ കാർമികത്വം വഹിച്ച ആളുകളാണ് ഇവരെല്ലാം. ഇവർക്ക് ഇത്, ഞാൻ പറഞ്ഞല്ലോ വേറെ ഏതെങ്കിലും ഒച്ചയനക്കം കേക്കുമ്പോ ഇത് അട്ടിമറിക്കാൻ വേണ്ടിയിട്ട് വേറെയാരോ വരികയാണെന്ന് തോന്നലാണ്. ഒരു മാനസികമായിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. അല്ലാതെ ഞാൻ പറഞ്ഞ കാര്യത്തോടല്ലലോ പ്രതികരിക്കുന്നത്. ഞാൻ പറഞ്ഞ കാര്യത്തോടാണ് പ്രതികരിക്കുന്നതെങ്കിൽ ഞാൻ ആ വാക്കുകളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു വ്യത്യാസവുമില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ് ഞാൻ പറഞ്ഞത്. ഏത് കോൺഗ്രസുകാരനോടും ഏത് വഴിയിൽ നിർത്തി ചോദിച്ചോ എന്താണ് അവരുടെ അഭിപ്രായം എന്ന്. നന്നാകാൻ വേണ്ടിയിട്ടാണ്, നന്നാകണം, നന്നാകുമെന്നാണ് പ്രതീക്ഷ, അങ്ങനെത്തന്നെയാണ് എന്റെ പ്രതീക്ഷ”.