ഉമ്മന്‍ചാണ്ടിയുടെ ചികിത്സ; ചാണ്ടി ഉമ്മനെയും തള്ളി പച്ചക്കള്ളവുമായി വി ഡി സതീശന്‍

0
416

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അസുഖ വിവരവും ചികിത്സയും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നതെല്ലാം പച്ചക്കള്ളം. ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ മുൻ മുഖ്യമന്ത്രിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താൻ ശുദ്ധ നുണ തട്ടിവിടുകയാണ് സതീശൻ. ചാണ്ടി ഉമ്മൻ വർഷങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയ വിവരങ്ങളിൽ നിന്നും തീർത്തും കടകവിരുദ്ധമായ നിലപാടുമായാണ് പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്. ചാണ്ടി ഉമ്മൻ പറയുന്നതല്ല സത്യമെന്നും താൻ പറയുന്നതാണ്
വസ്തുതയെന്നുമുള്ള നിലപാടിലാണ് വി ഡി സതീശൻ.

ഉമ്മൻ ചാണ്ടിയുടെ ചികിത്സ കുടുംബം നല്ല വൃത്തിയായി നടത്തിയിട്ടുണ്ടെന്നും സിപിഐ എമ്മും സർക്കാരും അതിൽ ഇടപെടേണ്ട കാര്യം വന്നിട്ടില്ലെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. വിദേശത്തും ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളിലും ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകി. ജർമ്മനിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് പിന്നീട് ബാംഗ്ലൂരിൽ ചികിത്സ നൽകിയത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിനുള്ള തരംതാണ മൂന്നാംകിട ആരോപണം മൂന്നാംതരം നേതാക്കളെ കൊണ്ട് സിപിഐ എം പറയിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിക്ക് 2019ല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്സിയില്‍ രോഗ വിവരം കണ്ടെത്തിയെന്നാണ് സതീശൻ പറഞ്ഞത്. 2019ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേവര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി.

2022ല്‍ ആരോഗ്യസ്ഥതിയില്‍ ചെറിയ മാറ്റമുണ്ടായപ്പോള്‍ രാജഗിരിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ വീണ്ടും ജര്‍മ്മനിയിലേക്ക് പോയി. അവിടെ നിന്നുള്ള ഉപദേശ പ്രകാരം ബെംഗലുരുവില്‍ ചികിത്സയും നടത്തി. ഭേദമായി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നിമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മിംസില്‍ പ്രവേശിപ്പിച്ചു. നിമോണിയ കുറഞ്ഞെന്നും പുറത്തേക്ക് കൊണ്ടു പോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കെ സി വേണുഗോപാല്‍ ആശുപത്രിയില്‍ എത്തുകയും പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും സതീശൻ പറയുന്നു.

എന്നാൽ, സതീശന്റെ ഈ വാദങ്ങളെല്ലാം വസ്തുതകളക്ക് നിരക്കാത്തതാണെന്ന് ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് മറുപടി വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് ജര്‍മ്മനിയില്‍ നടത്തിയ പരിശോധനയില്‍ യാതൊരു രോഗവും കണ്ടെത്തിയില്ലെന്നും മറ്റൊരു ആരോഗ്യപ്രശ്നവും ഇല്ലെന്നും 2019ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി മകൻ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. നുണ പ്രചരിപ്പിക്കുന്നതില്‍ വിഷമം ഉണ്ടെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി ശബ്ദത്തിന് ബുദ്ധിമുട്ട് ഉള്ളതിനാല്‍ അദ്ദേഹം ആയുര്‍വേദ ചികിത്സക്ക് വിധേയമായതായും ചാണ്ടി ഉമ്മന്‍ മറുപടി കമന്‍റില്‍ പറയുന്നു.ഒരു മാസം മുമ്പ് ഒറ്റപ്പാലത്ത് 14 ദിവസം നീളുന്ന ആയുർവേദ ചികിത്സ നടത്തുകയും ചെയ്തു. ഇങ്ങനെ കള്ളം പ്രചരിപ്പിക്കരുത്, അതിൽ വിഷമമുണ്ട്. രണ്ടു ദിവസം മുമ്പ് ആന്ധ്രയിലേക്ക് പോയി മടങ്ങിയെത്തിയ ഉമ്മൻ ചാണ്ടി തൊട്ടടുത്ത ദിവസം രാവിലെ പുനലൂരിലേക്ക് പോകുമെന്നും ചാണ്ടി ഉമ്മൻ മറുപടി പോസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്.

അസുഖ വിവരം സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ ആധികാരികമായി പറഞ്ഞ കാര്യങ്ങളാണ് വി ഡി സതീശന്‍ നിരാകരിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറയുകയും മൂന്നാം കിട ആരോപണം ഉന്നയിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്ത നേതാവാണ് വി ഡി സതീശൻ. ഉമ്മൻ ചാണ്ടിക്കെതിരായ സതീശന്റെ പഴയകാല ചെയ്തികൾ ഓരോന്നായി പുറത്തുവന്നുതുടങ്ങിയതോടെയാണ് അസുഖ വിവരവും ചികിത്സയും പിടിച്ച് ആധികാരിക പ്രതികരണത്തിന് സതീശൻ രംഗത്തുവന്നത്. എന്നാൽ, സോഷ്യൽ മീഡിയ സതീശന്റെ ഈ പച്ചക്കള്ളം മണിക്കൂറുകൾക്കകം പൊളിച്ചടുക്കി, അതും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ തന്നെ പ്രതികരണം വെച്ച്.