റിസോർട്ടിലെത്തിയ വിദ്യാർത്ഥികളെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി

0
136

വിനോദ സഞ്ചാരത്തിനായി മൂന്നാർ റിസോർട്ടിലെത്തിയ 2 വിദ്യാർത്ഥികളെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മൾട്ടിക്കുലേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികളായ ജിജോ റാം, പി മദനൻ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വിശദമാക്കി.

ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോർട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോർട്ടിൻ്റെ ഭക്ഷണശാലയിലെത്തിയപ്പോഴായാണ് രണ്ടു വിദ്യാർത്ഥികളെ കാണാതായത്. തുടർന്ന് അധ്യാപകർ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയിൽ മുറിയുടെ ശുചി മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.