ഉമ്മൻ ചാണ്ടിയെ വരിഞ്ഞുകെട്ടിയ യുവ നേതാവ്; പുതുപ്പള്ളിയിൽ പൊടിപാറും പോരാട്ടം

0
196

തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച എതിരാളിയെന്ന് ജെയ്‌ക്‌ സി തോമസിനെ വിശേഷിപ്പിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. കുത്തക മണ്ഡലമെന്ന് യുഡിഎഫ് ധരിച്ചുവെച്ച പുതുപ്പള്ളിയിൽ 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനമാണ് ജെയ്ക്ക് സി തോമസ് കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ ജെയ്ക്ക് മൂന്നാമങ്കത്തിനിറങ്ങുമ്പോൾ കോൺഗ്രസ് ക്യാമ്പ് ആകെ ആശങ്കയിലാണ്. സഹതാപ തരംഗത്തെ മാത്രം വിശ്വസിക്കാനാകില്ലെന്ന് കോൺഗ്രസ് ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജെയ്ക്ക് സി തോമസ് എന്ന യുവനേതാവിന്റെ സാന്നിധ്യം യുഡിഎഫ് കേന്ദ്രങ്ങളെയാകെ വിറപ്പിക്കുന്നതും.

2016 ലും 2021 ലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. 2011 ൽ 33,255 വോട്ടായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 2016 ൽ ജെയ്‌ക്‌ 27,092 ആയി കുറച്ചു. 2021ല്‍ യു ഡി എഫ് നേതൃത്വത്തെയാകെ അങ്കലാപ്പിലാക്കി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുത്തനെ താഴ്ത്താനും കഴിഞ്ഞു. സാക്ഷാൽ ഉമ്മൻ‌ചാണ്ടി ഇടതടവില്ലാതെ മത്സരിച്ചിട്ടും ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനവും ഭൂരിപക്ഷവും കുത്തനെ കുറയുകയാണ് ഉണ്ടായിട്ടുള്ളത്. 2016 ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയി കുറഞ്ഞു. വോട്ടിങ് ശതമാനത്തിലും വലിയ ഇടിവുണ്ടായി. 59.74 ശതമാനത്തിൽനിന്നും 53.42 ശതമാനം വോട്ടായി കുറഞ്ഞു. 6.32 ശതമാനത്തിന്റെ ഇടിവ്. എൽഡിഎഫിന്റെ വോട്ടാകട്ടെ 1.87 ശതമാനത്തിന്റെ വർധനയുണ്ടായി. ഉമ്മൻ‌ചാണ്ടി 71597 വോട്ട് നേടിയപ്പോൾ 44505 വോട്ടായി നില മെച്ചപ്പെടുത്താൻ ഇടതുമുന്നണിയുടെ ജെയ്ക് സി തോമസിന് കഴിഞ്ഞു.

2021ൽ ഉമ്മൻചാണ്ടി വിജയിച്ചത് 9044 വോട്ടിനാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നല്ല തിരിച്ചടി നേരിടേണ്ടിവന്നു. 53.42 ശതമാനത്തിൽനിന്നും 48.08 ശതമാനമായി വോട്ട് വിഹിതം കുത്തനെ താഴ്ന്നു. 5.34 ശതമാനത്തിന്റെ ഇടിവ്. 633372 വോട്ടായി ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. ഇടതുമുന്നണിക്കാകട്ടെ വോട്ടിങ് വിഹിതത്തിൽ വലിയ വർധന ഉണ്ടായി. 33.20 ൽ നിന്നും വോട്ട് വിഹിതം 41.22 ശതമാനമായി ഉയർത്താൻ ജെയ്ക്ക് സി തോമസിന് സാധിച്ചു. 8.02 ശതമാനം വോട്ട് വർധിപ്പിച്ച് 54328 എന്ന നിലയിലേക്ക് എൽഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പുതുപ്പള്ളിയിലെ രാഷ്ട്രീയമാറ്റം.

യുവജനങ്ങളുടെയും വിദ്യാർഥികളുടെയും അവകാശ പോരാട്ടങ്ങളിൽ ജെയ്ക്ക് എന്നും മുൻപന്തിയിലുണ്ട്. സംഘടനാ-അക്കാദമിക
മികവുകൾ ഒത്തിണങ്ങിയ നേതാവ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സിഎംഎസ് കോളേജില്‍ ഒന്നര മാസത്തോളം നടന്ന സമരമാണ് ജെയ്ക്കിനെ വേറിട്ടുനിർത്തുന്നത്. സിഎംഎസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സിഎംഎസില്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്ന ജെയ്‌ക്കിനെ കോളേജില്‍നിന്ന് അനധികൃതമായി പുറത്താക്കിയതിനെ തുടര്‍ന്നാണ് ഒന്നര മാസത്തോളം നീണ്ട സമരം എസ്എഫ്ഐ സംഘടിപ്പിച്ചത്. പിന്നീട് ജെയ്‌ക്കിന് കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള അവസരം കോളേജ് നല്‍കി.

എസ്എഫ്ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ എഡിറ്ററുമായിരുന്നു. ചാനൽ ചർച്ചകളിലും സംവാദങ്ങളിലും ഇടതുപക്ഷത്തിന്റെ ശക്തമായ മുഖം. എതിരാളികളുടെ കുപ്രചാരണങ്ങളെ തെളിവുകൾ സഹിതം പൊളിച്ചടുക്കുന്ന ജെയ്ക്ക് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര സെക്രട്ടേറിയറ്റംഗവും സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ജെയ്‌ക്. കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന്‌ കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എം എ നേടി. മണര്‍കാട് ചിറയില്‍ പരേതനായ എം ടി തോമസിന്റെയും അന്നമ്മയുടെയും മകനാണ് ജെയ്‌ക്. ​ഗീതു തോമസാണ് ഭാര്യ.