തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു

0
159

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ നിന്നുള്ള ലക്ഷിതയാണ് പുലിയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അലിപിരി വാക്ക് വേയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് തിരച്ചിൽ നടത്തി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. രക്ഷിതാക്കളുടെ നിലവിളി കേട്ട് ആളുകൾ ഓടികൂടിയെങ്കിലും പുലിയെ കണ്ടെത്താനായില്ല .

വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ തിരച്ചിലിലാണ് വനത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചയോടെ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം കുട്ടിയുടെ മൃതദേഹം പുലി കടിച്ചെടുത്തിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ തിരിച്ചറിയൽ അടയാളങ്ങൾ വച്ചാണ് മൃതദേഹം ലക്ഷിതയുടേത് തന്നെയെന്ന് പോലീസ് ഉറപ്പു വരുത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാസം ഇവിടെ സമാന സംഭവം നടന്നിരുന്നു. പുലി പിടിച്ച കുട്ടിയെ അതിസാഹസികമായായിരുന്നു അന്ന് പോലീസും വനം വകുപ്പും രക്ഷിച്ചത്. പ്രദേശത്ത്‌ അപകട സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മിക്കവരും ഇത് അവഗണിക്കുന്നുവെന്ന് അധികൃതർ പറയുന്നു.