തിരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കാൻ കേന്ദ്ര സർക്കാരിന്റെ ശ്രമം

0
164

തെരഞ്ഞെടുപ്പ് കമ്മീഷണറെ ഏകപക്ഷീയമായി നിയമിക്കാൻ കേന്ദ്രസർക്കാറിന്റെ നീക്കം. ഇതിനായി രാജ്യസഭയിൽ ഇന്നലെ ബിൽ അവതരിപ്പിച്ചു. മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറെയും മറ്റു ഉദ്യോഗസ്ഥരെയും നിർദ്ദേശിക്കാനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്നതായാണ് ബില്ലിൽ പരാമർശിക്കുന്നത്. പുതിയ ബിൽ പ്രകാരം പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്ര മന്ത്രിമാർ മാത്രമായിരിക്കും സമിതി അംഗങ്ങൾ. പുതിയ ബിൽ പ്രകാരമുള്ള സമിതിയിൽ കേന്ദ്രസർക്കാരിന് മൃഗീയ ഭൂരിപക്ഷം കയ്യാളാൻ കഴിയും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ രൂപീകരണത്തിൽ നിഷ്പക്ഷത പാലിക്കണമെന്ന സുപ്രീം കോടതി നിലപാടിനെയാണ് ഇത്തരത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുൻപായി കമ്മീഷനിൽ ഒഴിവു വരുമെന്നുള്ള മുൻധാരണയുടെ പുറത്താണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിൽ രാഷ്ട്രപതിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നത്. പക്ഷെ, ഈ വർഷം മാർച്ചിൽ ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയ ഇടപെടലുകൾക് പകരം ചീഫ് ജസ്റ്റിസ് കൂടി അംഗമായ നിഷ്പക്ഷ സമിതി രൂപീകരിക്കാനായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.

ഇതെ സംബന്ധിച്ച് പാർലമെന്റിൽ മറ്റൊരു നിയമ നിർമ്മാണം നടക്കുന്നത് വരെയാണ് ബെഞ്ചിന്റെ നിർദ്ദേശാനുസരണമുള്ള സമിതിയുടെ കാലാവധി. എന്നാൽ പാർലമെന്റിൽ ഇന്നലെ നടന്ന ബിൽ അവതരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബില്ലിന്റെ അവതരണത്തെ എതിർത്തു ജോൺ ബ്രിട്ടാസ് അടക്കം മറ്റു പ്രതിപക്ഷ അംഗങ്ങളും നോട്ടീസ് അയച്ചു.

ബില്ലിലെ വ്യവസ്ഥകൾ

* നിയമ നടപടിക്ക് 3 ഘട്ടങ്ങളുണ്ട്. ആദ്യത്തേത് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനും സ്ക്രെട്ടറി റാങ്കിൽ കുറയാത്ത മറ്റു 2 അംഗങ്ങളുമുള്ള സെർച് കമ്മിറ്റി തയ്യാറാക്കുന്ന 5 പേരുടെ പട്ടിക. ഈ പട്ടികയാണ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി പരിശോധിക്കുക. ഇവർ അംഗങ്ങളെ രാഷ്ട്രപതിയോട് ശുപാർശ ചെയ്യും. ഇത് രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമനമാകും.

* സമിതി ഒഴിവുണ്ടെന്നത് കൊണ്ട് നിയമനം അസാധുവാകില്ല.

* പ്രതിപക്ഷ നേതാവായി ഒരാളെ അംഗീകരിച്ചിട്ടില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായിരിക്കും സമിതിയുടെ ഭാഗമാവുക.

* രാഷ്ട്രപതിക്ക് നൽകേണ്ട ശുപാർശ തയ്യാറാക്കുന്നതിന്റെ നടപടിക്രമം സമിതിക്ക് സ്വന്തം നിലയ്ക്ക് തീരുമാനിക്കാം

* സെർച് കമ്മിറ്റി നൽകുന്ന 5 പേരുടെ പട്ടികയ്ക്ക് പുറത്തുനിന്ന്‌ ആളെ ഉൾപ്പെടുത്താനും സമിതിക്ക് അധികാരമുണ്ട്

* നിയമനം ലഭിച്ച്‌ 6 വര്ഷത്തേക്കോ 65 വയസ്സാകുന്നത്‌ വരെയോ ആണ് നിയമനം. പുനർനിയമനം നൽകില്ല.

* കേന്ദ്ര സർവീസിൽ സെക്രട്ടറി റാങ്കിലുള്ളവരെയോ ആ റാങ്കിൽ പ്രവർത്തിച്ചവരെയോ ആണ് കമ്മീഷണർമാരായി പരിഗണിക്കേണ്ടത്.

* കാബിനറ്റ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലാണ് നിയമനം. വേതനവും ആനുകൂല്യവും തത്തുല്യം.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ 2023 ഫെബ്രുവരി 14 ന് വിരമിക്കും. സർക്കാർ ബിൽ പാർലമെന്റിൽ പാസ്സാക്കിയെടുക്കുന്നതോടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി റദ്ദാകും. ഫെബ്രുവരിയിൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി മറ്റൊരംഗത്തെ നിയമിക്കാം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നതിന് മുന്നോടിയായിരിക്കും ഇത്.