തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന് രണ്ടാം ഭാഗം ഒരുങ്ങുന്നു

0
77

തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇപ്പോഴിതാ ‘ജെന്റില്‍മാന്‍ 2’വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവ് എം എം. കീരവാണിയാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ‘ ആഹാ കല്യാണം’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയില്‍ ആരംഭിക്കും. തമിഴ് – തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ യുവ താരം ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളികളുടെ പ്രിയ താരം നയന്‍താര ചക്രവര്‍ത്തി ആകും ചിത്രത്തിലെ നായിക എന്നും വിവരം ഉണ്ടായിരുന്നു. 1993ല്‍ റിലീസ് ചെയ്ത ചിത്രമാണ് ജെന്റില്‍മാന്‍. അര്‍ജുനെ നായകനാക്കി ഷങ്കര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്‌മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും കുഞ്ഞുമോന്‍ നേരത്തെ അറിയിച്ചിരുന്നു.