ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല; രാഷ്ട്രീയ പാർടികൾ സംഭാവന വാങ്ങുന്നതിൽ തെറ്റില്ല: വി ഡി സതീശൻ

0
110

സിഎംആർഎൽ ഉടമ ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ലെന്നും രാഷ്ട്രീയ പാർടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രയോരിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല. അത് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കാത്ത നിലപാടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പ്രതിപക്ഷത്തിന്റെ വിമുഖത അളക്കേണ്ടത് മാധ്യമങ്ങളാണോ. ഇന്നലെ ബില്ലുകളുടെ ചർച്ചയായിരുന്നു. അതിനിടയിൽ സഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാനാവില്ലായിരുന്നു. ഇന്നലെ രാവിലെയാണ് വാർത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തു കഴിഞ്ഞിരുന്നു. ഇന്ന് രണ്ട് വിഷയങ്ങളുണ്ടായിരുന്നു. അഴിമതിയെക്കുറിച്ച് ഉന്നയിക്കാൻ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂർ വിഷയത്തിൽ നിലപാടെടുത്തു. യുഡിഎഫാണ് ഇത് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പിരിക്കുന്നതില്‍ എന്താണ് തെറ്റ്?, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം പിരിക്കും. വ്യവസായികളുടെയും വ്യാപാരികളുടെയും കയ്യില്‍ നിന്നും പണം പിരിക്കാറുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പണം പിരിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫണ്ട് വാങ്ങുന്നുണ്ട്. അവരുടെ പ്രവർത്തനത്തിനും രാഷ്ട്രീയ പരിപാടികൾക്കും പണം ആവശ്യമായി വരുന്നുണ്ട്. അപ്പോൾ വ്യവസായികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും വിദേശ മലയാളികളിൽ നിന്നും പണം വാങ്ങിക്കും.

പുറത്തുവന്ന പേരുകളിൽ പറഞ്ഞിരുന്നവരെല്ലാം വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ്. പാർട്ടി പണം പിരിക്കാൻ ഏൽപ്പിച്ചവരാണ് അവരെല്ലാം. കെപിസിസി നിർദ്ദേശ പ്രകാരമാണ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിശ്ചയിച്ചത്. സംഭാവന നൽകാൻ അവരെ അതാത് കാലങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.