മണിപ്പൂർ അവിശ്വാസ പ്രമേയം: പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്; രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കി

0
164

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച മറുപടി പറയും. ലോക്സഭയിൽ വൈകിട്ട് നാല് മണിയോടെയാണ് പ്രധാനമന്ത്രിയുടെ മറുപടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയച്ചത്. അവിശ്വാസപ്രമേയത്തിൻമേൽ വോട്ടെടുപ്പിനും സാധ്യതയുണ്ട്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അതിനിടെ, മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. പ്രസംഗത്തിൽ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുൽ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബിജെപി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കി. ഭരണപക്ഷം രാജ്യത്തിന് തീയിടുന്നു എന്ന പരാമർശവും നീക്കി.

രണ്ടു ദിവസമായി മണിപ്പൂർ വിഷയത്തിൽ ലോക്സഭാ ആകെ പ്രക്ഷുബ്ധമാണ്. രാഹുലിന്റെ രൂക്ഷ വിമര്‍ശനവും സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണവും കൂടിയായതോടെ സഭ നടപടിക ഏറെനേരം തടസപ്പെട്ടു. ഭരണപക്ഷത്തെ രാജ്യദ്യോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല എന്നും രാഹുല്‍ കഴിഞ്ഞ ദിവസം സഭയില്‍ വിമര്‍ശിച്ചു.

ഇതിനു മറുപടി പറയവെയാണ് ഫ്ളയിങ് കിസ് ആരോപണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി രംഗത്തുവന്നത്. മണിപ്പൂർ വിഷയത്തിൽ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു ആരോപണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉയര്‍ത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളല്ല അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എന്നയിരുന്നു അമിത് ഷാ സഭയില്‍ പ്രതികരിച്ചത്. പിന്നീട് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് പ്രധാനമന്ത്രി വ്യാഴാഴ്ച സഭയിൽ മറുപടി പറയുമെന്ന് അറിയിച്ചു.