മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ നരേന്ദ്രമോഡിയുടെ മറുപടി; പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

0
105

സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലുമുരിയാടാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ മറുപടി പറയുമ്പോഴാണ് മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി കടുത്ത മൗനം പാലിച്ചത്. ഒന്നര മണിക്കൂറോളം നരേന്ദ്രമോഡി പ്രസംഗിച്ചുവെങ്കിലും ഒന്നും മിണ്ടിയില്ല. പകരം പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സ്വന്തം നേട്ടങ്ങൾ പറയാനാണ് സമയം വിനിയോഗിച്ചത്. പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിക്കാത്തതില്‍ പ്രതിഷേധിച്ച് മണിപ്പൂര്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു.

മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോഡിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ച‍ർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.

എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും ശക്തമായി വിമര്‍ശിച്ചു. 2024 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം ഊഴത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറും. കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലാത്തവരാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങളെ പോലും വിശ്വാസമില്ല. കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെ പുറത്താക്കി. അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം വന്നത് ദൈവാനു​ഗ്രഹമായി കാണുന്നു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും ജനക്ഷേമ പദ്ധതികൾ പാസാക്കാനുളള സമയമാണ് പ്രതിപക്ഷം ഇല്ലാതാക്കിയതെന്നും 2024ലും എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി ചരിത്രവിജയം നേടുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.