യുഡിഎഫിനുവേണ്ടി മനോരമയുടെ ‘മാസപ്പടി’; വീണ ടി മറുപടി പറയില്ല, ഇതാണ് കാരണം

0
126

മാസപ്പടി വിവാദത്തിൽ വീണ ടി പ്രതികരിക്കാത്തത് എന്താണ് എന്ന് നിങ്ങൾക്കറിയാമോ? വീണയുടെ കമ്പനിക്കെതിരെ വന്ന ഗുരുതര ആരോപണത്തിൽ വീണ മൗനം തുടരുന്നത് തെറ്റ് ചെയ്തതുകൊണ്ടാണ് എന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും കരുതുന്നുണ്ട്. പ്രതികരിക്കാത്തതിനാൽ വീണ കുറ്റക്കാരിയാണ് എന്ന് വരെ വിശ്വസിക്കുന്നവരും. മാസപ്പടി വിവാദത്തിൽ വീണ വിജയൻ പ്രതികരിക്കാത്തതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് നോൺ ഡിസ്ക്ളോഷർ എഗ്രിമെന്റ് ആണ്. രണ്ട് റീടൈനർ എഗ്രിമെന്റ്. അതിന്റെ വിശദാംശങ്ങളിലേക്ക് വരാം.

നോൺ ഡിസ്ക്ളോഷർ എഗ്രിമെന്റ് എന്നു വച്ചാൽ ഒരു കമ്പനിയും മറ്റു കമ്പനിയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു മറ്റൊരാളോട് പറയാൻ പാടില്ല എന്ന് രണ്ടുപേർ തമ്മിൽ ഒപ്പിടുന്ന ഉടമ്പടിയാണ്. ഇത് ആരെങ്കിലും ലംഘിച്ചാൽ മറ്റേ കമ്പനിക്ക് ഒപ്പിട്ട കമ്പനിക്ക് എതിരെ കോടതിയിൽ പോകാനും നഷ്ടപരിഹാരം നേടിയെടുക്കാനും കഴിയും. വീണ ഇവിടെ അങ്ങനെ ചെയ്താൽ വീണയുടെ കമ്പനിയുടെ കഥ തീരും. ഒരു കമ്പനിയും പിന്നെ വീണയുടെ കമ്പനിയുമായി ഒരു കരാറിലും ഏർപ്പെടില്ല, കാരണം കരാർ വ്യവസ്ഥകൾ പാലിക്കാത്ത ഒരു കമ്പനിയുമായി, ഒരു കമ്പനിയും ഉണ്ടാക്കില്ല.

ഈ വിഷയത്തെ സംബന്ധിച്ചു ഒരു കേസ് കോടതിയിൽ വരികയും അതിലെ വിശദാംശം കോടതി ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ ആ കോടതിക്ക് മുമ്പാകെ കരാർ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളു. അല്ലാതെ പബ്ലിക് ഡൊമൈനിൽ ഇത് ലഭ്യമാക്കാൻ സാധിക്കില്ല. നോൺ ഡിസ്ക്ളോഷർ എഗ്രിമെന്റ് സി എം ആർ എല്ലും വീണയുടെ കമ്പനിയും തമ്മിൽ ഉണ്ട് എന്ന് മനസിലാക്കിയാണ് മാസപ്പടി വാർത്ത ബോധപൂർവം സൃഷ്ടിച്ചെടുത്തതും അത് സമയം നോക്കി കൊടുത്തതും.

ഇനി റീടൈനർ എഗ്രിമെന്റ്. ഇവിടെ നിങ്ങൾ കമ്പനിയുമായി ഉണ്ടാക്കുന്ന കരാർ പ്രകാരം ഓൺലൈൻ പ്ലാറ്റ്ഫോമിന് എപ്പോഴൊക്കെ പ്രശ്‍നം വരുന്നോ അപ്പോൾ കമ്പനി ആ പ്രശ്‍നം പരിഹരിക്കാൻ ആവശ്യമായ പിന്തുണയും റിസോഴ്‌സുകളും തരും. അതിനായി കമ്പനിക്ക് ഒരു വർഷം 50 ലക്ഷം കൊടുക്കും. പ്രശ്‍നം വന്നാലും വന്നില്ലെങ്കിലും ഈ അൻപത് ലക്ഷം കൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. ഇത് റീടൈനർ ഫീ എന്നാണ് പറയുക. നിങ്ങൾ ഒരു ഒരു ഇ കൊമേഴ്‌സ് കമ്പനി നടത്തുകയാണ് എന്ന് കരുതുക. നിങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന് ഇടക്കിടക്ക് അപ്ഡേറ്റ്, അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളത് പരിഹരിക്കൽ എന്നിങ്ങനെ പല കാര്യങ്ങൾ ചെയ്യേണ്ടി വരും. പക്ഷെ ഇതിന്റെ പ്രശ്‍നം എന്താണെന്ന് വച്ചാൽ എപ്പോഴാണ് ഇതൊക്കെ വേണ്ടി വരിക എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. അവിടെയാണ് റീടൈനർ എഗ്രിമെന്റിന്റെ ഗുണം.

ഇനി നിങ്ങളുടെ കരാർ എടുക്കുന്ന കമ്പനിക്കുള്ള ഗുണം എന്നത് പല കാര്യങ്ങളാണ്. ഒന്നാമത്തെ കാര്യം ഉറപ്പുള്ള, അല്ലെങ്കിൽ സ്ഥിരതയുള്ള വരുമാനം എന്നതാണത്. എന്ത് സംഭവിച്ചാലും അൻപത് ലക്ഷം രൂപയുടെ വരുമാനം കമ്പനിക്ക് ഉണ്ടാവും. മാത്രമല്ല കരാർ ഉള്ള കമ്പനിക്ക് സർവീസ് കൊടുക്കേണ്ടാത്ത സമയത്തു വേറെ ജോലി അവരെക്കൊണ്ട് ചെയ്യിക്കാനും ആവും. പതിനായിരം രൂപ മുതൽ കോടിക്കണക്കിന് രൂപ മാസം റീടൈനർ ഫീ വാങ്ങുന്ന സർവീസസ് കമ്പനികൾ ഇന്ത്യയിൽ ഉണ്ട്. വലിയ സർവീസസ് കോൺട്രാക്ടുകളുടെ ഒരു പ്രധാന വരുമാന മാർഗം കൂടിയാണിത്.

ഇതൊക്കെ കരാറിൽ കൃത്യമായി പറഞ്ഞുറപ്പിച്ച ശേഷമാണ് കമ്പനികൾ ഒപ്പു വെക്കുന്നത്. വലിയ വായിൽ അന്വേഷണം ആവശ്യപ്പെടുന്ന കെ സുധാകരനും മാത്യു കുഴൽനാടനും എന്തുകൊണ്ടാണ് ഇക്കാര്യം മറച്ചുവെച്ച് ഒരു പേജ് മാത്രം എടുത്ത് പൊക്കിക്കാണിക്കുന്നത്. കാരണം ലളിതം, കൃത്യമായ രാഷ്ട്രീയം തന്നെ. അതിനു മനോരമയെ മുന്നിൽ നിർത്തി കളിക്കുന്നു എന്നുമാത്രം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്നതോടെ കൃത്യം രണ്ടുമാസം മുമ്പത്തെ ഉത്തരവ് പൊക്കിപ്പിടിച്ച് വന്നതും സംശയാസ്പദമാണ്. എന്തുകൊണ്ടാണ് ഇക്കാര്യങ്ങൾ മനോരമയും വാർത്ത കൊണ്ടാടുന്ന മറ്റു മാധ്യമങ്ങളും പറയാത്തത്. അതുമല്ലെങ്കിൽ അവർ ബോധപൂർവം മറച്ചുവെക്കുന്നത്. അവിടെയാണ് ഈ വിഷയത്തിലുള്ള രാഷ്ട്രീയം. വർഷങ്ങൾക്ക് മുമ്പ് സ്വർണക്കടത്തും ബിരിയാണി ചെമ്പും കൊണ്ടുവന്ന അതേ സംഘം തന്നെയാണ് ഇതിനുപിന്നിലും എന്ന് വ്യക്തം. ഏറ്റവുമൊടുവിൽ കൈതോലപ്പായയും ചീറ്റിയപ്പോൾ പുതിയ ഉല്പന്നവുമായി വന്നു, അത്രമാത്രം. ഒരു വിശ്വാസ്യതയും ഇവരുടെ തിരക്കഥകൾക്ക് ഉണ്ടാകുന്നില്ല എന്നതുതന്നെയാണ് ഇക്കൂട്ടരുടെ ദുര്യോഗവും.