ദുരിതാശ്വാസനിധി വിനിയോഗം: പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

0
101

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ തിരുവനന്തപുരം സ്വദേശിയായ കോൺഗ്രസ്‌ നേതാവ്‌ ആർ എസ്‌ ശശികുമാർ നൽകിയ പരാതികളിൽ ഹൈക്കോടതിയിൽനിന്ന്‌ വീണ്ടും തിരിച്ചടി. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ഫുൾബെഞ്ചിന്‌ വിട്ട ലോകായുക്ത ഉത്തരവ്‌ ശരിവച്ച ഹൈക്കോടതി ഉത്തരവ്‌ പുനഃപരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

ഹർജി ഫുൾബെഞ്ചിന്‌ വിട്ട ലോകായുക്ത ഉത്തരവിനെതിരെ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച്‌ ആഗസ്റ്റ് ഒന്നിന്‌ ഹർജി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന്‌ വിലയിരുത്തിയാണ്‌ തള്ളിയത്‌. ഈ ഉത്തരവ്‌ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ശശികുമാർ നൽകിയ ഹർജിയാണ്‌ ബുധനാഴ്‌ച ചീഫ്‌ ജസ്‌റ്റിസ്‌ എ ജെ ദേശായി, ജസ്‌റ്റിസ്‌ വി ജി അരുൺ എന്നിവരടങ്ങുന്ന ബെഞ്ച്‌ തള്ളിയത്‌.

തന്റെ വാദങ്ങൾ ശരിയായവിധത്തിൽ പരിഗണിച്ചില്ലെന്നും തർക്കം ഒരിക്കൽ പരിശോധിച്ച്‌ തീർപ്പാക്കിയശേഷം ഹർജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നുമുള്ള വാദമാണ് പുനഃപരിശോധനാ ഹർജിയിലും ഉന്നയിച്ചത്‌. പരാതി നിലനിൽക്കുമോ എന്ന വിഷയമാണ് ആദ്യം തീർപ്പാക്കിയതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട്‌ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായ വിഷയമാണ് ഫുൾബെഞ്ചിന് വിട്ടതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഭൂരിപക്ഷ അഭിപ്രായമാണ്‌ നിലനിൽക്കുക. പുനഃപരിശോധന എന്ന ആവശ്യത്തിൽ കഴമ്പില്ലെന്നും ഹർജിക്കാരന്‌ വാദങ്ങൾ ലോകായുക്തയ്‌ക്കുമുന്നിൽ ഉന്നയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻനായരുടെ മകന്‌ ജോലിയും സാമ്പത്തികസഹായവും എൻസിപി നേതാവ്‌ ഉഴവൂർ വിജയന്റെ മക്കൾക്ക്‌ പഠനച്ചെലവും അനുവദിച്ചതിലും 2017ൽ അപകടത്തിൽ മരിച്ച പൊലീസ്‌ ഓഫീസർ പ്രവീൺ കുമാറിന്റെ കുടുംബത്തിന്‌ സഹായധനം നൽകിയതിലും അഴിമതിയാരോപിച്ചാണ്‌ ശശികുമാർ ലോകായുക്തയെ സമീപിച്ചത്‌. സഹായം മന്ത്രിസഭയുടെ തീരുമാനമാണെന്നും അഴിമതിയില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.