ഇമ്രാൻ ഖാൻ ജയിലിൽ തുടരും; പാർലമെൻറ് പിരിച്ചുവിട്ട് പാകിസ്ഥാൻ പ്രസിഡൻ്റ്

0
232

ലാഹോർ: തോഷഖാനാ അഴിമതി കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലാക്കപ്പെട്ട സാഹചര്യത്തിൽ പാർലമെൻറ് പിരിച്ചുവിട്ട് പ്രസിഡന്റ്‌ ആരിഫ് ആൽവി. പാർലമെന്റ് കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെ ഭരണഘടനാ അനുച്ഛേദം 58 പ്രകാരമാണ് അധോസഭയായ ജനറൽ അസംബ്ലി പിരിച്ചുവിട്ടത്. നിലവിലുള്ള ഷഹബാസ് ഷെരീഫ് സർക്കാരിൻറെ ഉപദേശ പ്രകാരമാണ് പ്രസിഡന്റിന്റെ നടപടി. കാലാവധി പൂർത്തിയായതിന് ശേഷം തെരഞ്ഞെടുപ്പിന് 60 ദിവസം ലഭിക്കുമെന്നിരിക്കെ കാലാവധിക്ക് മുൻപേ പിരിച്ചുവിട്ടാൽ 90 ദിവസം ലഭിക്കും. ഇതോടെ ഈ വർഷം നവംബറോടെ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്ന് ഉറപ്പായി.

തെരഞ്ഞെടുപ്പ് നടത്താൻ ഇടക്കാല സർക്കാരിനെ ഒരാഴ്ചയ്ക്കകം തെരഞ്ഞെടുത്തേക്കും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാജാ റിയാസും ചേർന്നാണ് ആർട്ടിക്കിൾ 224 എ പ്രകാരം ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. മൂന്ന് ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ വിഷയം പാർലമെൻറ് കമ്മിറ്റിയുടെ പരിഗണനയിലേക്കെത്തും. അവിടെയും മൂന്ന് ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും നൽകിയ ലിസ്റ്റിൽ നിന്ന് രണ്ടു ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാളെ പരിഗണിക്കും. തെരഞ്ഞെടുപ്പിൽ കമ്മീഷനെ സഹായിക്കുന്നതിനൊപ്പം ഇത്തവണ കടംവാങ്ങൽ കരാറുകൾ ഐഎംഎഫുമായി ചർച്ച ചെയ്യേണ്ട ചുമതലയും ഇടക്കാല പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രിയായി ഇസഹാഖ് ധറിനാണ് സാധ്യത കൽപ്പിക്കുന്നത്.

പാക്കിസ്ഥാൻ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഏറ്റവും ജനകീയനായ ഇമ്രാൻ ഖാൻ ജയിലിൽ തുടരുകയാണ്. തോഷഖാന കേസിൽ ഇമ്രാൻ്റെ അപ്പീൽ പരിഗണിക്കുന്നത് ഇസ്ലാമാബാദ് ഹൈക്കോടതിയാണ്. സർക്കാരിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും പ്രതികരണങ്ങൾ അറിഞ്ഞ ശേഷമാകും ഇമ്രാൻ്റെ അപ്പീൽ എന്ന് പരിഗണിക്കും എന്ന കാര്യത്തിൽ പോലും തീരുമാനമാകൂ. അഴിമതിയിൽ കുടുങ്ങി അധികാരം നഷ്ടപ്പെട്ട് നാടുവിട്ട നവാസ് ഷെരീഫ് തിരിച്ചുവരുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് പാക്കിസ്ഥാൻ