താനൂരിൽ കസ്റ്റഡിയിൽ യുവാവിന്റെ മരണം: കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടു

0
95

താനൂരിൽ മയക്കുമരുന്നുമായി പിടിയിലായ സംഘത്തിലെ യുവാവ്‌ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക്‌ വിട്ടു. തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രിയാണ് മരിച്ചത്. കേസ് സിബിഐക്ക് കൈമാറാവുന്നതാണെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന സർക്കാരിന് ശുപാർശചെയ്തിരുന്നു. സംഭവത്തിൽ താന്നുർ സബ് ഇൻസ്പെക്ടറടക്കം 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ആഗസ്ത് ഒന്നിന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ക്രൈം നം. 855/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെട്ട സംഭവത്തില്‍ ക്രൈം നം. 856/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതാണ് സിബിഐക്ക് കെെമാറിയത്.താനൂർ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. താനൂർ സംഭവത്തിൽ കർക്കശ നടപടി സ്വീകരിക്കും. 27 പൊലീസുകാരെ പിരിച്ചു വിട്ടു. കുറ്റകൃത്യങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു