ചന്ദ്രയാൻ 3 ലക്ഷ്യത്തിനരികെ; രണ്ടംഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം, സോഫ്‌റ്റ്‌ ലാൻഡിങ്‌ 23ന് വൈകിട്ട്‌

0
149

സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട്‌ കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം താഴ്‌ത്താനായതായി ഐഎസ്‌ആർഒ അറിയിച്ചു. പകൽ ഒന്നിനും രണ്ടിനുമിടയിൽ പേടകത്തിന്റെ സഞ്ചാരം 174നും 1437 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ് ചാന്ദ്രയാൻ 3 പേടകം.
ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡിനെത്തുടർന്ന്‌ പേടകത്തിലെ ത്രസ്റ്ററുകൾ 17.91 മിനിറ്റ്‌ ജ്വലിച്ചു. 158 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തി.

16നു നടത്തുന്ന ജ്വലനത്തോടെ ചാന്ദ്രയാൻ 100 കിലോമീറ്റർ അടുത്തെത്തും. 17ന്‌ ലാൻഡറും റോവറും അടങ്ങുന്ന പേടകത്തിൽ നിന്ന്‌ പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടും. 23നു വൈകിട്ട്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌ നടക്കും. ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഞായറാഴ്ച രാത്രി ആദ്യഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായിരുന്നു. ഓഗസ്റ്റ് 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് 22-ാം ദിനം ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരമാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണപഥത്തിലെത്തിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.