Wednesday
17 December 2025
23.8 C
Kerala
HomePoliticsഅടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കുമെന്ന് അനില്‍ ആന്റണി; പിണറായി രാജി വെക്കണമെന്നും ആവശ്യം

അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കുമെന്ന് അനില്‍ ആന്റണി; പിണറായി രാജി വെക്കണമെന്നും ആവശ്യം

അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് എ കെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളം ബിജെപി ഭരിക്കും. അതിലൊന്നും ഒരു സംശയവും വേണ്ടെന്നും വാർത്ത ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
കഴിഞ്ഞ ഏഴു വർഷമായി കേരളത്തിൽ സർവത്ര അഴിമതിയാണ്. ഇതുവരെ കാണാത്ത തരത്തിൽ എല്ലാ മേഖലയിലും അഴിമതി നടക്കുന്നുവെന്നും അനിൽ ആന്റണി അഭിമുഖത്തിൽ പറഞ്ഞു.

വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നു. കൊവിഡിന്റെ പേരിലും അഴിമതി നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും അനില്‍ ആന്റണി ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വർഷമാണിതെന്നും അനിൽ ആന്റണി പറയുന്നു. പാ‍ർട്ടിയെ വിജയത്തിലെത്തിക്കുന്നതിനായി കഠിന ശ്രമത്തിലാണ് പ്രവർത്തകർ. കഴിഞ്ഞയാഴ്‌ചയാണ്‌ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചത്. കോൺഗ്രസിന്റെ സൈബർ വിങ് ചുമതലക്കാരനായിരുന്ന അനിൽ ആന്റണി ഒന്നര മാസം മുമ്പാണ് രാജി വെച്ച് ബിജെപിയിൽ ചേർന്നത്.
അതിനിടെ, അനിൽ ആന്റണിയെ ബിജെപി പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments