കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ കഴുത്തിൽ കത്തികയറ്റി കൊന്നു; റൂം കെയർടേക്കർ അറസ്റ്റിൽ

0
92

കൊച്ചിയെ നടുക്കി വീണ്ടും കൊലപാതകം. ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി. കലൂർ–പൊറ്റക്കുഴി റോഡിലെ മസ്‌ജിദ്‌ ലെയ്‌നിൽ ഓയോ ഹോട്ടലിലെ മുറിയിൽ ബുധൻ രാത്രി 10.30നാണ്‌ സംഭവം. ഓയോ റൂമിൽ താമസത്തിനെത്തിയ ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ റൂം കെയർടേക്കറായ കോഴിക്കോട് സ്വദേശി നൗഷീദിനെ അറസ്റ്റ് ചെയ്തു.
തർക്കത്തിനിടെ രേഷ്‌മയെ കുത്തുകയായിരുന്നുവെന്ന്‌ എറണാകുളം നോർത്ത്‌ പൊലീസ്‌ പറഞ്ഞു. കഴുത്തിന്‌ കുത്തേറ്റ രേഷ്‌മ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. രേഷ്മ എറണാകുളത്ത്‌ ലാബ് അറ്റെൻഡറായി ജോലി ചെയ്യുകയായിരുന്നു.

കാരണം വ്യക്തമല്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്നുവർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടുദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ്‌ ആദ്യം പറഞ്ഞത്‌. പിന്നീട്‌ രേഷ്‌മ ബുധനാഴ്‌ചയാണ്‌ കൊച്ചിയിലേക്ക്‌ വന്നതെന്നും പറഞ്ഞു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ്‌ കൺട്രോൾ റൂമിൽ വിവരമറിയിച്ചത്‌. തുടർന്ന് പൊലീസെത്തി നൗഷീദിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യംചെയ്യൽ തുടരുകയാണ്‌. തന്റെ ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നൗഷീദ് മൊഴി നൽകിയതായി പൊലീസ് പറയുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. നൗഷീദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.