രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കി; ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സ്മൃതിയെ തള്ളി ബിജെപി എംപി ഹേമമാലിനി

0
155

മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച് സഭ വിട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് പിന്നാലെ പ്രസംഗിക്കുന്നതിനിടയിലാണ് സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ശോഭ കരന്തലജെയും മറ്റ് ബിജെപി എംപിമാരും സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നല്‍കി.

രാഹുല്‍ ഗാന്ധിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 21 വനിതാ ബിജെപി അംഗങ്ങള്‍ ഒപ്പിട്ട കത്താണ് ശോഭ കരന്തലജെ സ്പീക്കർക്ക് സമർപ്പിച്ചത്. ‘സഭയിലെ വനിതാ അംഗങ്ങളുടെ അന്തസിനെ അപമാനിക്കുക മാത്രമല്ല, അപകീർത്തിപ്പെടുത്തുകയും സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുക്കണം.’ കത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് സ്മൃതി ഇറാനി സംസാരിക്കാൻ എഴുന്നേറ്റത്. പിന്നാലെയാണ് രാഹുല്‍ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങള്‍ക്ക് നേരെ ഫ്ലയിങ് നല്‍കിയെന്നാണ് ആരോപണം.

രാഹുല്‍ ഗാന്ധിയുടെ പേര് പരാമർശിക്കാതെയാണ് സ്മൃതി ഇറാനി സഭയില്‍ ആരോപണം ഉന്നയിച്ചത്. തനിക്ക് മുന്‍പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുന്‍പ് അസഭ്യം കാണിച്ചുവെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഫ്‌ളൈയിംഗ് കിസ് നല്‍കി. സ്ത്രീ വിരുദ്ധനായ പുരുഷന് മാത്രമേ അങ്ങനെ കഴിയുകയുള്ളൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുന്‍പൊരിക്കലും കണ്ടില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 21 വനിതാ ബിജെപി അംഗങ്ങള്‍ സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ, പ്രസംഗശേഷം സഭ വിട്ടിറങ്ങുമ്പോൾ രാഹുൽ എല്ലാവരെയും കൈ വീശി കാണിച്ചുവെന്നും സഹോദരി സഹോദരന്മാരെ എന്ന് പറഞ്ഞ് പൊതുവായി ഫ്‌ളൈയിങ് കിസ് നല്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഏതെങ്കിലും എംപിയോടോ മാത്രിയോടോ അങ്ങനെ പെരുമാറിയിട്ടില്ല. എന്നാൽ, മണിപ്പൂർ വിഷയത്തിൽനിന്നും ശ്രദ്ധ തിരിക്കാൻ ബിജെപി നടത്തുന്ന അഭ്യാസങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ചർച്ചക്ക് പിന്നിലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി നടത്തിയത് ഒരു സ്വാഭാവിക ആംഗ്യം മാത്രമാണെന്നും സ്നേഹത്തിന്റെ ഭാഷ ബിജെപിക്ക് മനസിലാകില്ലെന്നും ശിവസേന എംപി (ഉദ്ധവ് താക്കറെ വിഭാഗം) പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.

അതിനിടെ, സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ബിജെപി എംപിയും നടിയുമായ ഹേമമാലിനി രംഗത്തെത്തി. രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ല എന്നാണ് ഹേമമാലിനി പ്രതികരിച്ചത്. പാർലമെന്റിന് പുറത്ത് ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. ബിജെപി വനിതാ അം​ഗങ്ങൾക്ക് നേരെ രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് കണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഹേമമാലിനി ഇക്കാര്യം വ്യക്തമാക്കിയത്.