മിശിഹായുടെ പുതിയ ദാസൻ, ഞങ്ങടെ കുഞ്ഞുഞ്ഞച്ചൻ

0
86

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായി ഇനി ഒരാൾ കൂടി അവതരിക്കും. ഏഷ്യാനെറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി എന്നാണ്. അപ്പൊ പിന്നെ വിശുദ്ധനും മധ്യസ്ഥനായി ഉമ്മൻ ചാണ്ടിയെ മാറ്റുന്നതിൽ വലിയ പ്രശ്നമൊന്നും ഉണ്ടാകേണ്ടതുമില്ല. പക്ഷെ സ്വന്തം മുട്ടുകാലിന് അസുഖം വന്നപ്പോൾ ബംഗളൂരുവിലും ജർമനിയിലുമൊക്കെ വിശുദ്ധ പദവി കാത്ത് ക്യൂവിൽ നിൽക്കുന്ന കുഞ്ഞൂഞ്ഞിന് പോകേണ്ടിവന്നു എന്നത് മറ്റൊരു കഥ. എന്നാൽ, മരണാനന്തരം ചാണ്ടി സാർ നടത്തിയ അത്ഭുതങ്ങളുടെ പട്ടിക ഒന്ന് കണ്ടുനോക്കു… ഇതും ഞങ്ങൾ പറയുന്നതല്ല, ഏഷ്യാനെറ്റ് തന്നെയാണ്. കേട്ടാൽ ഞെട്ടും.

രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവർ പുതുപ്പള്ളിയിലുണ്ട് എന്നാണ് പുതിയ കഥ. എങ്ങനെയിരിക്ക്ണ്‌. ഇനി മറ്റൊന്ന്, ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ വന്ന് തിരിച്ചുപോയ അമ്പിളി എന്ന സ്ത്രീക്ക് ലോട്ടറി അടിച്ചുവത്രെ. രണ്ടുതവണ പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രാർഥിച്ചു. മടങ്ങിപ്പോകുമ്പോൾ എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് അമ്പിളിയുടെ വിശ്വാസം. ആരാണ് ഈ അമ്പിളി എന്ന കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തത വരുത്തിയിട്ടില്ല. കൊല്ലം ജില്ലയിലെ അമ്പിളിയെന്നാണ് പറയുന്നത്. കാണുമായിരിക്കും. കൊല്ലത്ത് ഒരേയൊരു അമ്പിളി മാത്രമേയുള്ളുവെന്ന് നാട്ടുകാർക്ക് അറിയില്ലല്ലോ.

ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുന്ന സ്ഥിതിയാണ്. മക്കളുടെ പഠനവും വിവാഹവും നടക്കാനുള്ള അപേക്ഷകൾ മുതൽ കടബാധ്യതയിൽ നിന്ന് കരകയറ്റണമെന്ന് അഭ്യർഥിച്ചുള്ള പ്രാർഥനകൾ വരെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് ചുറ്റും കാണാം എന്നും തുടർന്ന് കൊടുത്തിട്ടുണ്ട്. സംഗതി കൊഴുത്തത് അവിടെയല്ല, ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മത സാമുദയിക നേതാക്കളോട് അഭ്യർത്ഥിച്ചു എന്നതിലാണ്. ഇനി ആ കെ മുരളീധരനും കൂടി ഒന്ന് ആവശ്യപ്പെട്ടാൽ സംഗതി ഓക്കേ ആകും. ഉമ്മൻ ചാണ്ടിയെപ്പറ്റി സതീശനും ഉമ്മൻ ചാണ്ടിയും അന്ന് പറഞ്ഞ വാക്കുകൾ കേട്ട് ജീവിച്ചിരിക്കെ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കോരിത്തരിച്ചിരിന്നിട്ടുണ്ട്. അപ്പൊ പിന്നെ ഈ അഭ്യർത്ഥനകൾക്കൊക്കെ നടൻ സലിം കുമാർ പറഞ്ഞതുപോലെ ഒരു ഇതുണ്ട് എന്നാണ് എന്റെ ഒരിത്.

അവതാരപ്പിറവിക്ക് ഓരോ ലക്ഷ്യങ്ങളുണ്ട്. ആ വിശ്വരൂപം കണ്ട് ഞെട്ടരുത്, ദാ നോക്ക് എന്നൊക്കെ പറഞ്ഞ് പുതുപ്പള്ളിയിൽ ഒരു മാസ് എൻട്രിക്കും സ്കോപ്പുണ്ട്. അതിനുള്ള പണിയാണ് ഇനി നോക്കേണ്ടത്. പണി കൊടുക്കുന്ന കാര്യത്തിൽ സതീശനും മുരളീധരനും എന്തിന് നമ്മുടെ തിരുവഞ്ചൂർ പോലും മോശക്കാരല്ല. അതിന്റെയൊക്കെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ആറ്റിങ്ങലിൽ നിന്നും ഒരു സർവീസും പുറപ്പെട്ടിട്ടുണ്ട്. ചുമ്മാ പോകാൻ ഒക്കുകേല, ചെമ്പ്, ചെമ്പ് എണ്ണിക്കൊടുക്കണം. പക്ഷെ പറയുമ്പോ ഉമ്മൻചാണ്ടി സാറിനോടുള്ള വല്ലാത്ത ബഹുമാനം കൊണ്ടാണ്. കല്ലറയിൽ വന്ന് പ്രാർത്ഥിക്കുന്നവരെ കണ്ട് കണ്ണ് നിറഞ്ഞിട്ടാണ്. അല്ലാതെ കാശ് കിട്ടും എന്നതുകൊണ്ടൊന്നുമല്ല. വിറ്റ് കാശാക്കുമ്പോൾ ഇങ്ങനെത്തന്നെ വേണം. അല്ലാതെ കാശിനു വേണ്ടിയല്ല എന്ന് ഇടയ്ക്കിടെ പറയുകയും വേണം. നാലമ്പല ദർശനം പോലെ പുതുപ്പള്ളി ദർശനം എന്ന പേര് കൂടിയായാൽ കിടുക്കും. ഇതിനിടയിൽ കുഞ്ഞൂഞ്ഞച്ചൻ പാട്ടും ഇറങ്ങിയിട്ടുണ്ട്. ജീവിച്ചിരിക്കെ “നെന്മ മെരം” ഫിറോസ് സാറിനെപ്പറ്റിയാണ് ആദ്യം ഒരു പാട്ട് ഇറങ്ങിയത്. ഫിറോസ്‌ക്കന്റെ അത്ര വരില്ലെങ്കിലും മരിച്ചശേഷം പുതുപ്പള്ളിക്കാർക്ക് വേണ്ടി ഒരു പാട്ട് ഇറങ്ങിയല്ലോ എന്നാണ് ഫാൻസ്‌ അസോസിയേഷൻകാർ പറയുന്നത്. ഫിറോസ്‌ക്ക ഫാൻസ്‌ ഏത് അത്രക്കങ്ങോട്ട് സമ്മതിച്ചുതരില്ലെങ്കിലും.

 

നിവേദനം വാങ്ങിവെക്കുന്നതിൽ അഗ്രഗണ്യനാണ് കുഞ്ഞൂഞ്ഞ് എന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്. ഒരു കയ്യിൽ കണ്ണടയും പേനയും പിന്നെ നിവേദനവും. വാങ്ങി ഓടിച്ച് വായിക്കും. എന്നിട്ട് തല കുലുക്കും. സംഗതി നടന്നോ എന്ന് ചോദിച്ചാൽ നിവേദനം കൊടുത്തവരോട് തന്നെ ചോദിക്കേണ്ടി വരും. കയ്യിൽ കടലാസുമായി എവിടെയെങ്കിലും ആരെങ്കിലും നിന്നാൽ അവരെ ഓടിച്ചിട്ട് പിടിച്ച് വാങ്ങി വെക്കുന്ന സ്വഭാവം അദ്ദേഹത്തിന് പണ്ടേയുണ്ട്. അപ്പോൾപിന്നെ കല്ലറയിൽ നിവേദനങ്ങൾ കുമിഞ്ഞു കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു. ജയ്‌ഹിന്ദും വീക്ഷണവും ഒന്ന് ആഞ്ഞുപിടിച്ചാൽ മധ്യസ്ഥ പ്രാർത്ഥനയുടെ പരസ്യങ്ങൾ പറപറക്കാനുള്ള സാധ്യതയും ഉണ്ടുതാനും.
മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് പുതുപ്പള്ളിയിലെ കാഴ്ചകൾ സാക്ഷ്യം പറയുന്നു എന്നൊക്കെയാണ് ഇപ്പോഴത്തെ കേൾവി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സംസ്കാരത്തിന് ശേഷവും പ്രിയനേതാവിന്‍റെ കല്ലറയിലെത്തി മെഴുകുതിരികള്‍ തെളിയിക്കാനും പൂക്കള്‍ അര്‍പ്പിക്കാനും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നത്. ഇതിനിടെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചിരുന്നു. ഒരു ജനനേതാവ് എന്നതിനാൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്തവരൊക്കെ കല്ലറ സന്ദർശിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാൽ അതിന് ദൈവിക പരിവേഷവും വിശുദ്ധ പദവിയും മധ്യസ്ഥപ്രാർഥനക്കും ഉള്ള പരിവേഷം ചാർത്തുന്നതാണ് പരിഹാസ്യം എന്നുതന്നെ തുറന്നുപറയുന്നു.

ജനകീയ നേതാവ് ജനകീയനായ അണികളുടെയും പ്രവർത്തകരുടെയും മനസിൽ ജീവിക്കട്ടെ, അതല്ലേ നല്ലത്. അല്ലാതെ എന്തോ വലിയ സംഗതി എന്ന മട്ടിൽ അവതരിപ്പിച്ചാൽ അതിന് വലിയ വില കിട്ടില്ലെന്ന്‌ മാത്രമല്ല, ഉള്ള വില പോലും കളയുന്ന തരത്തിലേക്ക് മാറും എന്നത് സത്യമാണ്. എല്ലാ ദിവസവും മൂന്നും നാലും നേരം വലംപിരിശംഖിന്റെയും രുദ്രാക്ഷത്തിന്റെയും മറ്റും പരസ്യം കൊടുക്കുന്ന ഇതേ മാധ്യമങ്ങൾ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ അന്ധവിശ്വാസം കൂടുന്നുവെന്ന് അത്ഭുതം കൂറും. അതേ മാധ്യമങ്ങൾ തന്നെയാണിപ്പോൾ ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കാൻ നടക്കുന്നതും.

വിശുദ്ധ സെബാസ്ത്യനോസും സെയിന്റ് ആന്റണിയും അൽഫോൻസാമ്മയുമൊക്കെ വിശുദ്ധരാക്കപ്പെട്ടവരാണ്, അവരുടെ ജീവിതം കൊണ്ടും കർമം കൊണ്ടും. എന്നാൽ ഇവിടെ നടക്കുന്നത് കൃത്യമായ വെള്ള പൂശൽ തന്നെയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും ഇത് തുടർന്നാൽ മതിയായിരുന്നു എന്നാണ് ഒരു വിഭാഗം പുതുപ്പള്ളിക്കാർ തന്നെ ഇപ്പോൾ അടക്കം പറയുന്നതും.