“ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നം”; വർഗീയ കലാപത്തിന് വഴിമരുന്നിട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല

0
163

ശാസ്ത്രം-മിത്ത് വിവാദത്തിൽ സംസ്ഥാനത്ത് വിഭാഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു ഐക്യവേദി. ഷംസീർ എന്ന പേര് തന്നെയാണ് തങ്ങളുടെ പ്രശ്നമെന്നും അതുകൊണ്ടുതന്നെ തെരുവുകളിലെ സമരപോരാട്ടങ്ങളുടെ ഹരിശ്രീക്ക് ഇവിടെ തുടക്കം കുറിക്കുകയാണെന്നും കെ പി ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച നാമജപ യാത്രയിലാണ് കടുത്ത വർഗീയ പരാമർശവുമായി കെ പി ശശികല രംഗത്തുവന്നത്. ഗണപതി വിഷയത്തിൽ എൻ എസ് എസിനെ കരുവാക്കിയും മുന്നിൽനിർത്തിയും മുതലെടുപ്പ് സമരം നടത്താനായിരുന്നു ബിജെപിയും സംഘപരിവാറും ശ്രമിച്ചത്. എന്നാൽ, പ്രത്യക്ഷ സമരത്തിൽനിന്നും എൻ എസ് എസ് പിൻവാങ്ങിയതോടെ ഹിന്ദു ഐക്യവേദിയും ബിജെപിയും പെട്ടു. ഇതോടെയാണ് വർഗീയത ഇളക്കി വിട്ട് സമര കോലാഹലം ഉണ്ടാക്കാൻ ഹിന്ദു ഐക്യവേദി നീക്കം തുടങ്ങിയത്.

ആലോചിച്ചെടുത്ത തീരുമാനം ആണ് ഷംസീറിനെ കൊണ്ടു ഇങ്ങനെ പറയിപ്പിച്ചത്. അന്ന് രഹന ഫാത്തിമയെ വേഷം കെട്ടിച്ച ആളുകൾ തന്നെയാണ് ഇന്ന് ഷംസീർ ഇങ്ങനെ പറഞ്ഞതിന്റേയും പിന്നിൽ. ജനാധിപത്യത്തിന്റെ ശ്രീകോവിൽ സിപിഐഎമ്മിന്റേതല്ലെന്നും ശശികല വിമർശിച്ചു. വിശ്വാസങ്ങൾ എല്ലാം അദ്ദേഹത്തിന് കെട്ടുകഥയാണ്. ഇത് പറഞ്ഞത് ആര് എന്നതാണ് വിഷമിപ്പിക്കുന്നത്. മത വർഗീയതകൊണ്ടല്ല യുക്തികൊണ്ടാണ് വേദന. പാർട്ടി ആലോചിച്ച് അദ്ദേഹത്തെ കൊണ്ടു പറയിപ്പിച്ചതാണെന്നും ശശികല ആരോപിച്ചു.

ഷംസീർ മാപ്പ് പറയും വരെ പ്രത്യക്ഷ സമരം നടത്തുമെന്ന് നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ഇതിൽ ബിജെപിക്ക് രാഷ്ട്രീയമില്ല. മറുപക്ഷത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നു. ബിജെപിക്ക് ഇത് വോട്ട്ബാങ്ക് റഷാട്രീയമല്ലെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ, കെ പി ശശികലയുടെ ഇപ്പോഴത്തെ പരസ്യ പ്രതികരണം സുരേന്ദ്രന്റെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നു. സംഘപരിവാറിന്റെ ആശീർവാദത്തോടെ കേരളത്തിൽ വലിയ തോതിൽ കുഴപ്പമുണ്ടാക്കി മുതലെടുക്കാനുള്ള ശ്രമം തെന്നെയാണ് ഇക്കൂട്ടർ നടത്തുന്നത് എന്നും തെളിഞ്ഞിരിക്കുകയാണ്.