“മികച്ച വില്ലേജ് ഓഫീസർ” വിജിലൻസ് പിടിയിൽ; കുടുങ്ങിയത് കൈക്കൂലി കേസിൽ

0
137

ദുരിതാശ്വാസ നിധി സംഭാവന കൈക്കലാക്കിയ സംഭവത്തിൽ കടത്തുരുത്തി വില്ലേജ് ഓഫീസർ അറസ്റ്റിൽ. അഞ്ച് വർഷമായി കടുത്തുരുത്തി വില്ലേജ് ഓഫീസറായി തുടരുന്ന സജി ടി വർഗീസാണ് പിടിയിലായത്. സജി ടി വർഗീസ് വില്ലേജ് പരിധിയിൽ മണ്ണെടുക്കുന്നതിനും കല്ല് വെട്ടുന്നതിനും പണം വാങ്ങി അനുമതി നൽകുന്നതായി വിജിലൻസിന് രണ്ട് മാസം മുൻപ് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതിനുപിന്നാലെ കഴിഞ്ഞയാഴ്ച ഇയാൾക്കെതിരെ വീണ്ടും പരാതി ലഭിച്ചു.

മണ്ണെടുക്കുന്നതിന് 10,000 രൂപ കൈക്കൂലി ചോദിച്ചതോടെ വിജിലൻസ് വില്ലേജ് ഓഫീസിൽ എത്തി പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങുന്നു എന്ന പരാതി ഉയർന്നതോടെ അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം, ജനം ദുരിതാശ്വാസ നിധിയിലേക്കായി സമർമിപ്പിച്ച തുക വർഗീസ് തട്ടിയെടുത്തതായിയും കണ്ടെത്തി. രണ്ടാഴ്ചയിലേറെയായി വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വില്ലേജ് ഓഫീസ്. ഇതിനിടയിൽ സജിക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും കടുത്തുരുത്തി വില്ലേജിൽ തന്നെ തുടരുന്നതായും വിജിലൻസ് കണ്ടെത്തി.

തുടർന്ന് വിജിലൻസ് സംഘം വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തിയതോടെയാണ് ഗുരുതരമായ തട്ടിപ്പ് കണ്ടെത്താനായത്. കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവർത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുൻപ് മികച്ച വില്ലേജ് ഓഫിസർ എന്ന പുരസ്കാരം നൽകി ആദരിച്ച ആളാണ് സജി ടി വർഗീസ്.