ചാണ്ടി ഉമ്മൻ വേണോ, അച്ചു ഉമ്മൻ വേണോ..? പുതുപ്പള്ളിയിൽ തർക്കം; കോൺഗ്രസിൽ ആശങ്ക

0
179

ചാണ്ടി ഉമ്മൻ വേണോ അതോ അച്ചു ഉമ്മൻ വേണോ..? പുതുപ്പള്ളിയിൽ മാത്രമല്ല, കോൺഗ്രസിലാകെ ആശയക്കുഴപ്പമാണ്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ആരെ നിർത്തും എന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ സന്ദേഹം നിലനിൽക്കുന്നതിനിടെ, പുറത്തുനിന്നവരും ആകട്ടെ എന്ന ആശയവുമായി യൂത്ത് കോൺഗ്രസും രംഗത്തുവന്നു. ഇതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആകെ ധർമ്മസങ്കടത്തിലായി. ആരെ കൊള്ളും ആരെ തള്ളും എന്നതിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ വിയർക്കുകയാണ് കോൺഗ്രസ്.

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ആരാകും പുതുപ്പള്ളിയിൽ എന്നത് വലിയ ചർച്ചയാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും ഇതേ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. എന്നാൽ, പുതുപ്പള്ളിയിലെ കാര്യത്തിൽ സുധാകരൻ പറഞ്ഞത് ശരിയല്ലെന്നും കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയെപ്പറ്റി പറ്റി തീരുമാനമെടുക്കും എന്നായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെയാണ് നേതാവെന്നും അതുകൊണ്ടുതന്നെ ആ കുടുംബത്തിൽ നിന്നുള്ളവർ സ്ഥാനാർഥി ആകണം എന്നുമാണ് കോട്ടയം ഡിസിസി പറയുന്നത്. സഹതാപ തരംഗം ഉണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ പോരാട്ടം വന്നാൽ കോൺഗ്രസ് തറ പറ്റുമെന്നും അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയുടെ മക്കളിൽ ആരെങ്കിലും ഒരാൾ സ്ഥാനാർത്ഥിയാകുന്നതാകും ഉചിതം എന്നാണ് ഡിസിസി നൽകിയ റിപ്പോർട്ട്.

എന്നാൽ, ചാണ്ടി ഉമ്മനെ സംഘടനാ രംഗത്തേക്ക് മാറ്റി പകരം മകൾ അച്ചു ഉമ്മനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് പുതുപ്പള്ളിയിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിനായി മഹിളാ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനകം രംഗത്തുവന്നിട്ടുണ്ട്. വാകത്താനം മേഖലയിലുള്ള വനിതാ പ്രവർത്തകരും ഇക്കാര്യം ഉയർത്തുന്നു. അച്ചു ഉമ്മൻ ആകുമ്പോൾ തൃക്കാക്കര മോഡൽ പ്രചാരണവും വളരെ എളുപ്പം ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കെപിസിസി സംസ്ഥാന ഭാരവാഹിയായ ഒരു വനിതാ നേതാവും ഇക്കാര്യം ശരി വെക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ മകൻ ചാണ്ടി ഉമ്മനെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പുതുപ്പള്ളിയുടെ അടുത്ത എംഎൽഎ എന്ന രീതിയിൽ ഉയർത്തിക്കൊണ്ടുവന്നിരുന്നു. എന്നാൽ, ഈ പ്രചാരണത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഹാജിയെ സോഫിയവിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഉയർത്തിയാൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ പേര് ഒരു വിഭാഗം സജീവമായി ഉയർത്തുന്നതും.

പുതുപ്പള്ളിയിൽ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ മകളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ചില നേതാക്കളും നാട്ടുകാരും ഉയർത്തിയിട്ടുണ്ട്. എന്നാൽ, താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും മകൾ അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. അതുപക്ഷേ നിലവിലെ സാഹചര്യം അനുസരിച്ചാണെന്നും പ്രവർത്തകർ നിർബന്ധിച്ചാൽ അച്ചു ഉമ്മനെ രംഗത്തുകൊണ്ടുവരാണ് കഴിയുമെന്നും കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു.

പുതുപ്പള്ളിയിൽ കോൺഗ്രസ് ഇതിനകം തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ നേതൃത്വത്തിലാണ് പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുള്ളത്. എന്നാൽ, ഉമ്മൻ ചാണ്ടിയെ കുരുക്കാനും പെടുത്താനും നിന്ന തിരുവഞ്ചൂരിനെ നമ്പാൻ പറ്റില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾക്കും സമാന അഭിപ്രായമാണുള്ളത്.

ഉപതെരഞ്ഞെടുപ്പിൽ പരമാവധി സഹതാപതരംഗം ഉണ്ടാക്കിയെടുക്കുക എന്നത് കോൺഗ്രസിന്റെ ആവശ്യമാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കടുത്ത തർക്കം ഉടലെടുക്കുമെന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് സാധ്യത ഏറെയെങ്കിലും അത്ര പെട്ടന്ന് നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. അച്ചു ഉമ്മന്റെ പേര് വലിയൊരു വിഭാഗം പ്രവർത്തകർ ഉയർത്തിക്കൊണ്ടുവന്ന സാഹചര്യത്തിൽ വിഷയം എങ്ങനെ പരിഹരിക്കും എന്നതിൽ കോൺഗ്രസിലും ആശയക്കുഴപ്പം ഉണ്ട്. ഇതിനിടയിലാണ് പുറത്തുനിന്നുള്ള യോഗ്യരായ സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ വരട്ടെ എന്ന യൂത്ത് കോൺഗ്രസുകാരായ ഒരു വിഭാഗം ആവശ്യം ഉയർത്തിയിരിക്കുന്നതും.

ഇതിനിടയിലാണ് മെഴുകുതിരി പ്രാർത്ഥനയും വിളക്കുവെട്ടങ്ങളുമായി കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്നും മാറിയിട്ടില്ല. കോട്ടയം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണങ്ങളിൽ എല്ലാം ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യവുമുണ്ട്.