ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കം ധിക്കാരപരമാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു എതിർപ്പുമില്ലാതെ ഹിന്ദി ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
അമിത് ഷായുടെ ധിക്കാരപരമായ നീക്കത്തെ ഞാൻ ശക്തമായി അപലപിക്കുകയാണ്. ഹിന്ദി ഇതര ഭാഷക്കാരെ കീഴ്‌പ്പെടുത്താനുള്ള പ്രകടമായ നീക്കമാണിത്. ഹിന്ദി ഭാഷയ്ക്ക് ആധിപത്യം നൽകാനും അടിച്ചേൽപിക്കാനുമുള്ള ഏതു നീക്കത്തെയും തമിഴ്‌നാട് തള്ളിക്കളയുകയാണ്. ഞങ്ങളുടെ ഭാഷയും പൈതൃകവുമാണ് ഞങ്ങളെ നിർവചിക്കുന്നത്. ഹിന്ദി ഭാഷയ്ക്കു കീഴൊതുങ്ങാൻ ഞങ്ങളെ കിട്ടില്ല-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തെ കർണാടകയും പശ്ചിമ ബംഗാളും ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ ശക്തമായി ചെറുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന എതിർപ്പ് അമിത് ഷാ മുഖവിലയ്‌ക്കെടുക്കണം. 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ കനൽ ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് ബുദ്ധിപരമാകില്ലെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ 38-ാമത് യോഗത്തിലായിരുന്നു ഹിന്ദിയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ അഭിപ്രായ പ്രകടനം. അന്തിമമായി ഒരു എതിർപ്പുമില്ലാതെ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. സ്വീകരിക്കപ്പെടാൻ സമയമെടുത്താലും അതു നടക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭാഷകളുമായി മത്സരത്തിലല്ല ഹിന്ദിയെന്നും എല്ലാ ഭാഷകൾക്കും പ്രോത്സാഹനം നൽകിയാൽ മാത്രമാണു രാജ്യം ശക്തിപ്പെടുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.