രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

0
255

രാജസ്ഥാനിലെ ഭില്‍വാരയില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ സംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി പിതാവ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇദ്ദേഹത്തെ രക്ഷിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. നിലവില്‍ ഭില്‍വാരയിലെ ആശുപത്രിയില്‍ ചികിത്സയിലാണദ്ദേഹം.

കഴിഞ്ഞ ആഴ്ചയാണ് പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്നത്. ഭില്‍വാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂട്ടബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയായിരുന്നു.

രാവിലെ വീട്ടില്‍ നിന്ന് കന്നുകാലികളെ മേയ്ക്കാന്‍ പോയ ശേഷം പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് കന്നുകാലികള്‍ തിരിച്ചെത്തിയപ്പോള്‍ അവയ്‌ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ രാത്രി പത്തു മണിയോടെ ഇഷ്ടികച്ചൂളക്ക് സമീപം എന്തോ കത്തുന്നത് ശ്രദ്ധയില്‍ പെട്ട കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും പെണ്‍കുട്ടിയുടെ കൊലുസും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. കേസില്‍ വീഴ്ച വരുത്തിയതിന് ഭില്‍വാരയിലെ കോട്ര പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.