ഫഹദ് വില്ലനോ നായകനോ ? മാമന്നൻ തുടർ ചർച്ചയാകുമ്പോൾ

0
244

വിവിധ കാരണങ്ങൾ കൊണ്ട് റിലീസിന് മുമ്പ് തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മാമന്നൻ. തമിഴ് രാഷ്ട്രീയ സിനിമകളിലെ പ്രധാനികളിൽ ഒരാളായ മാരിശെൽവരാജിന്റെ സംവിധാനം, ഏറെ നാളുകൾക്ക് ശേഷം നടൻ‌ വടിവേലു ഒരു പ്രധാന കഥാപാത്രമായെത്തുന്നു, ഉദയനിധി സ്റ്റലിന്റെ അവസാന ചിത്രമെന്ന പ്രത്യേകത, ഫഹദിന്റെ റോൾ ഈ കാരണങ്ങൾകൊണ്ടൊക്കെ സിനമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒടിടി റിലീസിനു ശേഷം വിണ്ടും വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് മാമന്നൻ.

സിനിമയിൽ വില്ലൻ കഥാപാത്രമായെത്തിയ ഫഹദ് ഫാസിലിനെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാസ് ബിജിഎം ഇട്ട ഫഹദിന്റെ കഥപാത്രത്തെ സോഷ്യൽ മീഡിയ കൊണ്ടാടുന്നു. ഫഹദ് വില്ലനോ നായകനോ എന്ന ചർച്ചകൾ സജീവമാകുന്നു. സിനിമയിൽ അദ്ദേഹത്തിന്റെ കഥാപത്രത്തെ വിലയിരുത്തിയാൽ ഈ സ്വീകാര്യത ലഭിക്കുന്നതിൽ അത്ഭുതം തോന്നും. കാരണം സവർണ ഫ്യൂഡൽ ചിന്താ​ഗതികൾ പേറുന്ന എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ഒരു കഥാപാത്രമാണ് ഫഹദിന്റേത്. സ്വാഭാവികമായും പെർഫോമെൻസ് നന്നാകും തോറും ആ കഥാപത്രത്തെ ആളുകൾ വെറുക്കുകയാണ് വേണ്ടത്.

ഫഹദ് ഫാസിൽ ഉദയനിധി സ്റ്റാലിനേക്കാൾ മികച്ച ആക്റ്റർ ആയതുകൊണ്ടായിരിക്കാം ഇത്തരത്തിലൊരു സ്വീകാര്യത എന്നൊരു വാദമുണ്ട്. എന്നാൽ ഇത് പൂർണമായും അം​ഗീകരിക്കാനാകില്ല. ഫഹദിന്റെ പെർഫോമെൻസിനൊപ്പം മറ്റ് ചില ​ഘടകങ്ങൾ കൂടി ചേരുമ്പോഴാണ് ആ കഥാപാത്രത്തിന് ഒരു നായക പരിവേഷം ലഭിക്കുന്നത്. സങ്കീർണ്ണമായൊരു ജാതി വിഷയം രണ്ട് സ്വത്വങ്ങൾ തമ്മിലുള്ള സംഘർഷമായിട്ട് അവതരിപ്പിക്കുകയാണ് മാമന്നൻ. നായക പ്രതിനായ കഥാപത്രങ്ങളിലെത്തിയ നടൻമാരുടെ അഭിനയ മികവിലുള്ള അന്തരത്തിനപ്പുറം സംവിധായകൻ ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതിയാണ് അതിനുള്ള പ്രധാന കാരണം. ഈ സംഘർഷത്തിൽ നായകനോളം തന്നെ മാസ് പ്രെഫോമൻസിനുള്ള സാധ്യത സ്ക്രിപ്റ്റിൽ വില്ലനും ലഭിക്കുന്നു. അതിൽ വില്ലന്റെ പെർഫോമെൻസ് ഉയർന്നിരിക്കുന്നിടത്താണ് ഫഹദ് നായകനോ വില്ലനോ എന്ന ചർച്ചയ്ക്ക് തുടക്കമാകുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ് മുഖ്യധാര സിനിമകളിൽ സ്ഥിരം കണ്ടു വരുന്ന രീതിയിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തെ രക്ഷകസ്ഥാനത്ത് അവതരിപ്പിക്കുന്നു. അത് ഇവിടെയും തുടരുന്നുണ്ട് ഒരു ആയുസ്സ് മുഴുവൻ രാഷ്ട്രീയത്തിനായി ഉഴിഞ്ഞു വച്ച, സമരങ്ങളുടേയും സാമാകജികത്വത്തിൻ്റേയും അനുഭവും കരുത്തുമുള്ള മാമന്നൻ്റെ രക്ഷയ്ക്ക് മകനും മകൻ്റെ സുഹൃത്തുക്കളായ വിദ്യാസമ്പന്നരും എത്തുന്നതായാണ് സിനിമയിൽ ചിത്രികരിക്കുന്നത്.

എജ്യുക്കേറ്റഡ് മിഡിൽക്ളാസ് അരാഷ്ട്രീയതയുടേയും വർഗീയതയുടേയും പിന്തിരിപ്പത്തരത്തിൻ്റേയും സ്വാർത്ഥത്തിൻ്റേയും വഴികളിലൂടെ കടന്നുപോവുകയും ഹിന്ദുത്വ ഫാസിസത്തിൻ്റേയും കോർപ്പറേറ്റ് രാജിൻ്റേയും അനീതികൾക്കെതിരെ കർഷകരും സാധാരണ തൊഴിലാളികളും പോരാടുകയും ചെയ്യുന്ന സമകാലീന ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർക്കണം. അതോടു കൂടി സിനിമയുടെ രാഷ്ട്രീയം കുറേക്കൂടി ദുർബലമാവുകയാണ്.

സ്വത്വരാഷ്ട്രീയത്തിൻ്റെ പ്രധാന പരിമിതി ഐഡൻ്റിറ്റിയുടെ അസേർഷനിലൂടെ അല്ലെങ്കിൽ സ്വത്വനിർദ്ധാരണത്തിലൂടെ വേർതിരിവുകളും അനീതികളും ഇല്ലാതാക്കാമെന്ന മിഥ്യാധാരണയാണ്. ആശയപരമായ ആ പ്രതിസന്ധിയാണ് മാമന്നനിലും ഏറ്റവും നന്നായി പ്രതിഫലിക്കുന്നത്.

ഒരു രാഷ്ട്രീയ സിനിമ എന്ന നിലയ്ക്ക് അതൊരു പ്രശ്നം മാത്രമല്ല, അതിനുള്ള ഒരു പരിഹാരമായി രണ്ടു കോണ്ട്രാസ്റ്റിംഗ് ഐഡൻ്റികളുടെ ബൈനറിയിൽ ഊന്നുന്ന മത്സരത്തെ കൂടി മുന്നോട്ടു വയ്ക്കുകയാണ്. ആശയത്തിൻ്റെ ആ പൊള്ളത്തരം സിനിമ മുന്നോട്ടു വയ്ക്കാൻ ആഗ്രഹിച്ച പുരോഗമനപരതയെ കീഴ്മേൽ മറിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാമന്നനുമായി ബന്ധപ്പെട്ടു അരങ്ങേറുന്ന മീം/ ട്രോൾ വിവാദം.