കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

0
114

ആലപ്പുഴ: കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശ് ആണ് മരിച്ചത്. പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

പതിവുപോലെ കടയടച്ച ശേഷം വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറില്‍ തീ പടരുകയായിരുന്നു. കാറിന് സമീപത്തേക്ക് എത്താന്‍ കഴിയാത്ത തരത്തില്‍ തീ പടര്‍ന്നത് കണ്ടതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പ്രകാശനെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനൊപ്പമാണ് പ്രകാശന്‍ താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റ് സദാസമയം തുറന്നിട്ടിരിക്കുമെന്നും രാത്രിയില്‍ എത്തിയ ശേഷം പൂട്ടുകയാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണമറിയുന്നതിനായി ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തു നിന്നും ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.