ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഫെഡറേഷൻ ഫോർ മൊബിലിറ്റി ആൻഡ് സ്പോർട്ടാണ് ആദ്യ ഇ-സ്കൂട്ടർ റേസിന് വേദിയൊരുക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച റൈഡർമാർ മത്സരത്തിൻറെ ഭാഗമാവുമെന്ന് സംഘാടക സമിതി അറിയിച്ചു. ‘ദുബൈ ഇലക്ട്രിക് സ്കൂട്ടർ കപ്പ്’ ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച 12 പുരുഷ, വനിത റൈഡർമാർ പങ്കെടുക്കും.
നോക്കൗട്ട് രീതിയിലായിരിക്കും മത്സരം. ദുബൈ നഗരത്തിലെ വിവിധ നടപ്പാതയിലൂടെയും പാലങ്ങളിലൂടെയും 100 കിലോമീറ്റർ വേഗത്തിൽ റൈഡ് ചെയ്യാവുന്ന രീതിയിൽ മത്സരത്തിനായി വ്യത്യസ്തമായ ട്രാക്കുകൾ രൂപകൽപന ചെയ്യും.അതിവേഗം വളരുന്ന സൂക്ഷ്മ ഗതാഗതരംഗത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഇലക്ട്രിക് സ്കൂട്ടർ കപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ദുബൈ നഗരത്തിൽ മൈക്രോ മൊബിലിറ്റി രംഗത്തെ ശക്തി തെളിയിക്കുന്നതായിരിക്കും വ്യത്യസ്തമായ ഈ മത്സരമെന്ന് ഫെഡറേഷൻ ഫോർ മൈക്രോമൊബിലിറ്റി ആൻഡ് സ്പോർട് പ്രസിഡൻറ് അലക്സ് വർസ് പറഞ്ഞു