ഇടുക്കിയില്‍ രണ്ട് വിദ്യാർത്ഥികൾ ജലാശയത്തിൽ മരിച്ച നിലയിൽ. നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നപ്പള്ളിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം സന്യാസിയോട കുന്നത്ത്മല അനില രവീന്ദ്രൻ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്കുവീണതെന്നാണ് പ്രാഥമിക നിഗമനം.
സെബിൻ സജി ഡിഗ്രി വിദ്യാർത്ഥിയും അനില പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. ഇരുവരും ഒന്നിച്ചുവന്ന ബൈക്കും ചെരിപ്പും നാട്ടുകാർ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയിരുന്നു. അപകടത്തിൽ പെട്ടെന്ന സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് രാത്രിയിൽ തെരച്ചിൽ തുടങ്ങി. രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനാൽ പെൺകുട്ടിയുടെ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്കും ചെരിപ്പുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുന്നത്. സംശയം തോന്നി പൊലീസ് എത്തിയപ്പോഴാണ് അനിലയും സെബിനുമാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി നെടുങ്കണ്ടം പൊലീസ് പറഞ്ഞു. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.