പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏഴിരട്ടി കൂട്ടി

0
144

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍. ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് പ്രവാസി മലയാളികള്‍ ഗൾഫിലേക്ക് കുടുംബമായി പോകുന്ന സമയം മുതലെടുത്താണ് വിമാന കമ്പനികളുടെ കൊള്ളയടി. ആറും ഏഴും ഇരട്ടിയായാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സെപ്തംബര്‍ ആദ്യവാരം മുതല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. സ്‌കൂള്‍ തുറക്കുന്ന സമയം നോക്കിയാണ് വര്‍ധനവ്.

ആഗസ്ത് മാസം മുഴുവനും സെപ്റ്റംബര്‍ മാസം പകുതി വരെയും കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ കുത്തനെ കൂടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ഇരുപത്തി അയ്യായിരം രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിനേക്കാൾ രണ്ടര ഇരട്ടി വർധനവാണ് കേരളത്തിൽ വരുത്തിയിരിക്കുന്നത്. മുംബൈയില്‍ നിന്നും ദുബൈയിലേക്ക് 13466 രൂപ. കേരളത്തില്‍ നിന്നാകട്ടെ അത് 47, 662 രൂപയായി കൂട്ടി. എമറൈറ്റ്‌സില്‍ ദുബൈയിലേക്കുള്ള നിരക്ക് 72,143 രൂപ. റിയാദിലേക്കുള്ള എത്തിഹാദിന്‌ ടിക്കറ്റ് കിട്ടണമെങ്കിൽ 70,426 രൂപ മുടക്കണം.

അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപക്ക് മുകളില്‍ മുടക്കണം. ഈ മാസം അവസാനം ഓണമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വര്‍ധിക്കും. സ്‌കൂള്‍ അവധിക്കാലവും പെരുന്നാള്‍, ഓണം പോലുള്ള സീസണ്‍ അവധികളും മുതലെടുത്ത് വിമാന കമ്പനികള്‍ നടത്തുന്ന ഈ ചൂഷണം ഇത്തവണയും തുടരുകയാണ്. ഉയര്‍ന്ന നിരക്ക് കാരണം പല കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചിരുന്നു. അത്യവശ്യമായി നാട്ടിൽ വരേണ്ടവരാകട്ടെ യാത്ര മുംബൈ വഴിയുമാക്കി.

സാധാരണ ഗതിയില്‍ 8000 മുതല്‍ 11,000 രൂപക്ക് വരെ നല്‍കുന്ന ടിക്കറ്റിനാണ് ഈ സീസണുകളില്‍ നാല്പതിനായിരം മുതൽ എഴുപതിനായിരം വരെ രൂപ ഈടാക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ – വിദേശ വിമാനക്കമ്പനികൾ എന്ന വ്യത്യാസമില്ല. മലയാളികളെ പിഴിയാൻ ഈ കമ്പനികൾക്കെല്ലാം വലിയ ഉത്സാഹവുമാണ്.

ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനുള്ള അധികാരം വിമാനകമ്പനികൾക്ക് നൽകിയതാണ് ഈ കൊള്ളയ്ക്ക് കാരണം. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചാൽ ചെറിയ തോതിൽ പരിഹാരം ആകുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല. പലപ്പോഴും പ്രവാസി സംഘടനകൾ പലതവണ നിവേദനം നൽകിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധ നിലപാട് തുടരുകയാണ്.