യൂട്യൂബ് വ്‌ളോഗറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. ബാലയുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്ക് ആകാമെന്നാണ് പൊലീസ് നിഗമനം. തോക്ക് ഉപയോഗിച്ചതില്‍ വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ബാലയെ ചോദ്യം ചെയ്യും. സംഭവസമയത്ത് കയ്യില്‍ കരുതിയ തോക്ക് പിടിച്ചെടുക്കും. അതിനുശേഷമേ തുടർനടപടി ഉണ്ടാകുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
ചെകുത്താന്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുന്ന അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അജുവിന്റെ സുഹൃത്ത് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍. തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരെ അജു അലക്‌സ് വീഡിയോ ചെയ്തതിലെ വിരോധമാണ് ബാല വീട്ടില്‍ വന്ന് ഭീഷണപ്പെടുത്താന്‍ കാരണമെന്നാണ് എഫ്‌ഐആര്‍. യൂട്യൂബ് വ്‌ളോഗറുടെ ആരോപണം തെറ്റെന്ന് നടന്‍ ബാല പ്രതികരിച്ചിരുന്നു. അജുവിന്റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവെക്കുകയും ചെയ്തു. വ്‌ളോഗര്‍ എല്ലാവരെയും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ കണ്ടന്റുണ്ടാക്കി കാശുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാല ആരോപിച്ചിരുന്നു.