കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സൗദി സിവിൽ ഡിഫൻസ്

0
72

വീടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ വീടുകളിൽ അലക്ഷ്യമായി വെക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീപ്പിടുത്തതിന് ഇടയാക്കിയേക്കാവുന്ന സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിൽ വീടുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇലക്ട്രിക് വയറുകളിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിനായി പവർ സോക്കറ്റുകൾ ശരിയായ വിധത്തിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂർച്ചയേറിയ ഉപകരണങ്ങൾ, ശുചീകരണപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള കെമിക്കലുകൾ മുതലായവ കുട്ടികൾക്ക് എടുക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കരുത്. സ്വിമ്മിങ്ങ് പൂളുകളിലും, അവയ്ക്ക് അരികിലും മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ നിർത്തരുതെന്നും, വീടുകൾക്ക് പുറത്ത് കുട്ടികളെ ഒറ്റയ്ക്ക് നിർത്തരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.