യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം: എയർപോർട്ട് ഡാനിയുടെ കൂട്ടാളികൾ കസ്റ്റഡിയിൽ

0
78

തിരുവനന്തപുരം തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിച്ച് മാപ്പുപറയിക്കുകയും, കാലിൽ ചുംബിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി എയർപോർട്ട് ഡാനിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ഒരാൾ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ചാണ് എയർപോർട്ട് ഡാനിയെന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഗുണ്ട മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാലു പിടിപ്പിക്കുകയും ഭീഷണിപ്പെടുത്തി കാലിൽ ചുംബിപ്പിക്കുയും ചെയ്തത്. തട്ടിയെടുത്ത ഫോൺ തിരികെ നൽകാനായിരുന്നു യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ചത്. ഡാനിയുടെ കാലുപിടിക്കുന്ന വെങ്കിടേഷിന്റെ ദൃശ്യം ഡാനിയുടെ കൂട്ടാളികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

ഈ വീഡിയോ പുറത്ത് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് തുമ്പ പൊലീസ് കേസെടുത്തത്. പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു കേസ്. കഴിഞ്ഞ ദിവസം പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മുഖ്യപ്രതി എയർപോർട്ട് ഡാനിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്. ഇവരിൽ ഒരാൾ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റു രണ്ടു പേരെ ചോദ്യം ചെയ്തു വരികയാണ്.