ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തു; കാസർകോട് സ്വദേശിയായ മരുമകനും കൂട്ടാളിയും അറസ്റ്റില്‍

0
241

പ്രവാസി വ്യവസായിയില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേരെ എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായ ആലുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ ലാഹിര്‍ ഹസന്റെ മരുമകന്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ് കുദ്രോളി, കൂട്ടാളി എറണാകുളം സ്വദേശി അക്ഷയ് വൈദ്യന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലുവ സ്വദേശിയായ പ്രവാസി വ്യവസായി ലാഹിര്‍ ഹസനില്‍ നിന്ന് മുഹമ്മദ് ഹാഫിസ് 108 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബെംഗളൂരു, എറണാകുളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ കെട്ടിട ഇടപാടുകളുടെ പേരിലാണ് ഭാര്യാപിതാവില്‍ നിന്ന് ഇയാള്‍ പണം കൈക്കലാക്കിയത്. മരുമകന്‍ പണം തട്ടിയെടുക്കുകയാണെന്ന് മനസ്സിലായതോടെ ലാഹിര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളുടെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടി.

നേരത്തെ ഗോവ പൊലീസും ഹാഫിസിനെ അറസ്റ്റ് ചെയ്തിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോവ, കര്‍ണാടക ചുമതലയുള്ള ഇന്‍കംടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ ഹെഡ് നിര്‍മ്മിച്ച് പണം തട്ടിയ കേസിലായിരുന്നു ഈ അറസ്റ്റ്. ഇയാള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഭാര്യവീട്ടുകാരില്‍ നിന്ന് കൈക്കലാക്കിയ സ്വര്‍ണം തിരിച്ചുനല്‍കിയില്ലെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ആയിരത്തിലധികം പവന്‍ കൈക്കലാക്കിയിരുന്നുവെന്നാണ് പരാതി. പണം കൈമാറിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പണം എങ്ങനെ വിനിയോഗിച്ചു എന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പ്രതികളെ അഞ്ചു ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ ഇരുവരെയും ജാമ്യത്തില്‍ വിട്ടു.