ഹിന്ദി സിനിമയിലെ കലാസംവിധായകനായിരുന്ന നിതിന്‍ ദേശായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പ്രതിചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ്. എഡില്‍വെയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷായും കേസിലെ എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനായിരുന്നു മഹാരാഷ്ട്രയിലെ കര്‍ജിത്തില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ നിതിന്‍ ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് നിതിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഭാര്യ നേഹ നല്‍കിയ പരാതിയില്‍ ഖലാപൂര്‍ പൊലീസാണ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 അടക്കം വകുപ്പുകള്‍ എഫ്‌ഐആറിൽ ചേര്‍ത്തിട്ടുണ്ട്.
എഡില്‍വെയ്സ് ഗ്രൂപ്പില്‍ നിന്നെടുത്ത ലോണിന്‍റെ പേരില്‍ നിതിന്‍ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും പ്രതി പട്ടികയിലുള്ള അഞ്ചുപേരും അദ്ദേഹത്തെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നേഹ പരാതിയിൽ പറഞ്ഞു. ഇതാകാം നിതിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും നേഹ പറഞ്ഞു.
നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയ നിതിൻ ‘ഹം ദിൽ ദേ ചുകേ സനം’, ‘പ്രേം രത്തൻ ധൻ പായോ’, ‘ബാജിറാവൂ മസ്‍താനി’, ‘ദേവ്ദാസ്’, ‘ലഗാൻ’, ‘ജോഥാ അക്ബർ’ തുടങ്ങിയ ബിഗ് ബജറ്റ് ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.1999ല്‍ മമ്മൂട്ടി നായകനായ ‘ഡോ. ബാബാസാഹേബ് അംബേദ്‍കര്‍’ എന്ന ചിത്രത്തിനാണ് നിതിൻ ദേശായിക്ക് ആദ്യ ദേശീയ പുരസ്‍കാരം ലഭിക്കുന്നത്. നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദ്യ ദേശീയ പുരസ്‍കാരം ലഭിക്കുന്നത് 1999ല്‍ മമ്മൂട്ടി നായകനായ ‘ഡോ. ബാബാസാഹേബ് അംബേദ്‍കര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു.