യു എസ് പ്രീമിയർ കളക്ഷനിൽ വിക്രം സിനിമയെ പിന്നിലാക്കി ജയിലർ

0
103

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ‘ജയിലർ’ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഗോളതലത്തിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. യു എസ് പ്രീമിയർ കളക്ഷനിൽ വിക്രം സിനിമയെ പിന്നിലാക്കിയിരിക്കുകയാണ് ജയിലർ. യു എസിലെ 170 തിയേറ്ററുകളിൽ നിന്നായി മൂന്ന് കോടിക്കടുത്താണ് ചിത്രത്തിന്റ പ്രീമിയറിന് ലഭിച്ചിരിക്കുന്നത്. എന്നാൽ കമൽഹാസൻ ചിത്രമായ ‘വിക്ര’മിന് രണ്ടര കോടിക്കടുത്തു മാത്രമാണ് പ്രീമയർ ഷോയ്ക്ക് ലഭിച്ചത്.

രജനികാന്തിന്റെ ഏക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രമാകും ജയിലർ എന്ന പ്രതീക്ഷയിലാണ് ആരാധകർ. തമിഴ്‌നാട്ടിലെ ‘ജയിലർ’ ബുക്കിംഗ് ചില സ്ഥലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. നാളെയോടെ മറ്റ് തിയേറ്ററുകളിലും ബുക്കിം​ഗ് തുടങ്ങും. വ്യാഴാഴ്ച്ചയാണ് ജയിലർ റിലീസിനെത്തുന്നത്.

രജനിക്കൊപ്പം മോഹന്‍ലാല്‍, ജാക്കി ഷ്രോഫ്, ശിവ രാജ്‍കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെൽസൺ ചിത്രത്തിലുള്ളത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. 2021ലെ ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയ്ക്ക് കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളുടെ നിരയിലാണ് ‘ജയിലറി’ന്റെ സ്ഥാനം.