തേനിയിൽ കാറിൽ കടത്തിയത് മനുഷ്യന്റെ അവയവങ്ങളല്ലെന്ന് സ്ഥിരീകരിച്ചു; പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സൂചന

0
150

കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോയ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍. ശരീരഭാ​ഗങ്ങൾ ആടിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേരെ ഉത്തമപാളയം വെള്ളിയാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ പരിശോധിച്ചപ്പോഴാണ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഉത്തമപാളയം ഭാഗത്ത് അസാധാരണമായ സാഹചര്യത്തിൽ കാർ കറങ്ങുന്നത് കണ്ടാണ് പൊലീസ് പരിശോധന നടത്തിയത്. മനുഷ്യന്റെ കരൾ, നാക്ക്, ഹൃദയം എന്നിവയെന്ന് തോന്നിക്കുന്ന ശരീര ഭാഗങ്ങൾ ഒരു പാത്രത്തിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. ഇവ പൂജ ചെയ്ത നിലയിലായിരുന്നു. ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്‌തതാണ് അവയവങ്ങളെന്നും വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിരുന്നു.

വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ, പത്തനംതിട്ട നാക്കട പാലച്ചുവട് സ്വദേശി ചെല്ലപ്പനെയും പൊലീസ് പിടികൂടി. പൂജയ്ക്ക് ശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് തമിഴ്‌നാട് സ്വദേശികൾ പൊലീസിനോട് പറഞ്ഞത്. വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയത്. നിലവിൽ ചെല്ലപ്പന്‍ അടക്കം ആറുപേരാണ് ഉത്തമപാളയം പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

ചെല്ലപ്പൻ, ജെയിംസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാനികളെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂജ ചെയ്ത നിലയിലായിരുന്ന അവയവങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ആറു പേർ നിലവിൽ തേനി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യന്റേതാണെന്ന വ്യാജേന പൂജ ചെയ്തതിന് ശേഷം ഇവര്‍ പലര്‍ക്കും നല്‍കിയിരുന്നു. ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വർധിക്കുമെന്ന് വിശ്വസിപ്പിച്ചാണ്‌ ചെല്ലപ്പനും ജെയിംസും ചേർന്ന് ഇങ്ങനെ തട്ടിപ്പ് നടത്തിയിരുന്നത്. തേനി സ്വദേശികളായ ചിലരെയാണ് ഇക്കുറി പറ്റിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചെല്ലപ്പൻ വർഷങ്ങളായി ദുർമന്ത്രവാദം നടത്തുന്ന ആളാണ്. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസ് ഒളിവിലാണ്.