കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങൾ; 3 പേർ കസ്റ്റഡിയിൽ

0
178

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അസാധാരണമായ സാഹചര്യത്തിൽ കാർ കറങ്ങുന്നത് കണ്ടപ്പോൾ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മനുഷ്യന്റെ കരൾ, നാക്ക്, ഹൃദയം എന്നിവയെന്ന് തോന്നിക്കുന്ന ശരീര ഭാഗങ്ങൾ ആണ് കണ്ടെത്തിയത്. ഊട്ടംപാളയം ഭാഗത്ത് കറങ്ങി നടക്കുകയായിരുന്നു സ്‌കോർപിയോ കാർ. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം. തേനി ഉത്തമപാളയം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

വണ്ടിപ്പെരിയാറിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിൽ പത്തനംതിട്ട ജില്ലയിൽ നിന്നാണ് അവയവങ്ങൾ വാങ്ങിയതെന്നാണ് സൂചന. പൂജ ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ സ്വത്ത് വർധിപ്പിക്കാൻ വേണ്ടിയാണ് ശരീരഭാഗങ്ങൾ വീട്ടിലെത്തിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവർ നൽകിയിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടന്നുവരുന്നു.